Tuesday, October 22, 2019

വിശ്വാസം

പണ്ടൊക്കെ എന്‍റെ സ്കൂള്‍ യൂണിഫോം അലക്കാന്‍ നേരത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ചെറിയ ചെറിയ കല്ലുകള്‍ കിട്ടിയാല്‍ ഉമ്മ ചോദിക്കുമായിരുന്നു ...

അയെ ഇനിക്കിന്നും തൂറ്വോന്‍ ചടചിക്കില്ലേ ന്ന് .....?

വഴിക്ക് വെച്ച് രണ്ടിന് മുട്ടിയാല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു കുഞ്ഞു കല്ലെടുത്തിട്ടാല്‍ ആ സംഗതി അവിടെ ഫുള്‍ സ്റ്റോപ്പിടും എന്നത് കുഞ്ഞു നാളില്‍ ആരോ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിശ്വാസമായിരുന്നു എനിക്ക് ....

എന്‍റെ അനുഭവത്തില്‍ അന്നൊക്കെ ആ വിശ്വാസം സത്യമായിട്ടെ എനിക്ക് തോനിയിട്ടുള്ളൂ ...

വലുതായപ്പോള്‍ ഇതൊക്കെ മറന്നൂട്ടോ ....

എന്നാലും ഞാന്‍ പറഞ്ഞ് വരുന്നത് ...

ഈ കഴിഞ്ഞ ബലി പെരുന്നാളിന് എന്‍റെ മോന്‍ അവന്‍റെ കൂട്ടുകാരോടൊക്കെ ചുറ്റി തിരിഞ്ഞു വൈനേരം വീട്ടിലെത്തിയപ്പോള്‍ അവന്‍റെ കുപ്പായത്തിന്റെ കീശയില്‍ നിന്നും മൂനാല് കുഞ്ഞിക്കല്ലുകള്‍ എടുത്തു പുറത്തെക്കെറിയുന്നു....

ഇത് കണ്ട ഞാന്‍ ചോദിച്ചു
ഇതെന്നാടോ സംഗതി ..?

അതെനക്ക് തൂറ്വോന്‍ ചടച്ചിറ്റ് പൊറ്ത്തൂടെറ്റ് എടുത്തിട്ടതാ ഉപ്പാ ...

ഇതാരാ മോനോട് പറഞ്ഞെ ഇങ്ങനെ കല്ലെടുത്തിട്ടാല് നിക്കൂന്ന് ...?

ആരെങ്കിലൂ ആവട്ടെ ഉപ്പോന്ന് പരീക്ഷിച്ചു നോക്ക് ..

മോന്‍റെ മറുപടി കേട്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഇഞ്ഞുപ്പാന്‍റെ മോന്‍ തന്നെടാ മോനെ ....

മീശ വെട്ടുമ്പോള്‍ ബാര്‍ബര്‍ ഷോപ്പിലെ കസേരയില്‍ കണ്ണുമടച്ച് ഇരുന്നു കൊടുക്കുന്നതിനെക്കാളും വലിയ വിശ്വാസമോന്നുമാല്ലല്ലോ ഇത് .... ല്ലേ .....?

വാല്‍കഷ്ണം : വിശ്വാസം അതല്ലേ എല്ലാം

Saturday, October 19, 2019

പ്രവാസം

ഞാനിപ്പോഴും ഓര്‍ക്കുന്നു ആ ദിവസത്തെ ...
രണ്ടായിരത്തി ആറ് ജൂണ്‍ ഇരുപത്തി മൂന്ന് ഞാന്‍ ആദ്യമായി പ്രവാസത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്ന നിമിഷം
ആദ്യത്തെ പോക്കായത് കൊണ്ട് തന്നെ ഒത്തിരി പേരുണ്ട് വീട്ടില്‍ ബന്തുക്കളും ഫ്രെണ്ട്സും ഒക്കെയായി .....അങ്ങനെ ധാരാളം പേര്‍ .
എല്ലാരുടെ മുഖത്തും മൂക വിഷാദം തളം കെട്ടി നില്‍ക്കുന്നു ...
എല്ലാം ഉള്ളിലൊതുക്കി ഞാനും വീട്ടില്‍ നിന്നും ഇറങ്ങാനൊരുങ്ങി
അപ്പോഴാണ്‌ അവന്‍ എന്‍റെ വലതു കൈക്ക് കേറി പിടിച്ചത് ...
അവനെ കൂട്ടാതെ പോകാന്‍ എന്‍റെ മനസ് എന്നെ അനുവദിച്ചില്ല ..
അവന്‍ എന്‍റെ കയ്യും ഞാന്‍ അവന്‍റെ കയ്യും മുറുകെ പിടിച്ചു ...അങ്ങനെ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ...

അവനെ ശരിക്കും സൂക്ഷിക്കണേ എന്നും പറഞ്ഞ് ഒപ്പം വന്ന ഇക്കാക്കയും ഡ്രൈവറും എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര പറഞ്ഞു തിരിച്ചു പോയി .....പിന്നെ എനിക്ക് കൂട്ടിന് അവന്‍ മാത്രം

കുവൈറ്റില്‍ എത്തി എന്‍റെ അതെ റൂമില്‍ തന്നെ നല്ലൊരു ഇടം അവനും കണ്ടെത്തി ...ദിവസങ്ങളും മാസങ്ങളും കടന്നുപോയി എന്‍റെ എല്ലാ ദുക്കങ്ങളിലും സന്തോഷങ്ങളിലും ഒരു മൂക സാക്ഷിയായി എന്‍റെ ഒപ്പം അവനും ദിവങ്ങള്‍ കഴിച്ചു കൂട്ടി ....
രണ്ട് വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല ,,,,, എനിക്ക് രണ്ട് മാസത്തേക്ക് പരോള്‍ കിട്ടി ..റൂമില്‍ നിന്നും ഞാനിറങ്ങുന്നതിനു മുമ്പ് തന്നെ എന്‍റെ സമ്മതം പോലും ചോദിക്കാതെ അവന്‍ കാറില്‍ കേറി സ്ഥാനം പിടിച്ചിരുന്നു ...

കോഴിക്കോട് വന്നിറങ്ങി പുറത്തേക്ക് വന്നപ്പോഴും അവനെന്‍റെ കൈ വിട്ടു പോകാതിരിക്കാന്‍ ഞാന്‍ ഒരു പാടു ശ്രദിച്ചു ....എന്നെ സ്വീകരിക്കാന്‍ വന്ന ഇക്കാക്കയെ കണ്ടപ്പോള്‍ അവന്‍ സന്തോഷതോടെ തുള്ളി ചാടി ...,,,,ഇക്കക്ക വന്നു അവന്റെ കൈക്ക് പിടിച്ചു ...അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു ......

ഇവിടെ ഞങ്ങളുടെ ബെഡ് റൂമില്‍ തന്നെ അവനും സ്ഥാനം പിടിച്ചു അവന് എന്നെ പിരിയാന്‍ തോനിയില്ല ..അതുപോലെ എനിക്കവനെയും ...എന്‍റെ പ്രിയതമയ്ക്കും അവനോട് ഇഷ്ടക്കെടോന്നും തോനിയില്ല ...പക്ഷെ വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അവന്‍ ബെഡ് റൂമില്‍ കേറിയത് അത്ര ഇഷ്ടമായെന്ന് തോനിയില്ല ........

എന്‍റെ ലീവ് തീരാറായി .....തിരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ..അപ്പോഴാണ്‌ ഇക്കാക്ക ആ കാര്യം പറഞ്ഞത് ...ഇപ്പ്രാവശ്യം പോകുമ്പോള്‍ ഇവനെ കൂടെ കൂട്ടണ്ട ....!!! ഞാനും അവനും അത് കേട്ട് ഞെട്ടി ...അവന്‍റെ കൈ മുറുകെ പിടിച്ചു കൊണ്ട് തന്നെ ..ഞാനിക്കാക്കാനോട് ചോദിച്ചു ,,,, എനിക്ക് ആകെ ഒരാശ്വാസം ഇവന്‍ കൂടെയുള്ളതാണ് ...ഇവനില്ലാതെ ഞാനെങ്ങനെ പോകും ...?
ഇത് കേട്ടതിന് മറുപടി എന്നോണം ഇക്ക പറഞ്ഞു ....."ഇപ്പൊ സൂട്ട് കേയ്സോക്കെ ഔട്ടോ ഫാഷനാ .....ട്രോളി ബെഗാ എല്ലാരും കൊണ്ട് പോകുന്നെ" ........ഞാനൊന്നും മിണ്ടിയില്ല എന്ത് ചെയ്യാനാ കാലത്തിനൊത്ത് കോലം കെട്ടണ്ടേ...................

Sunday, October 13, 2019

Uppa

അറബി മാസം  റജബ് 8
ഇതുപോലൊരു വെള്ളിയാഴ്ച രാവ്

ഞങ്ങളുടെ പുന്നാര ഉപ്പ ഞങ്ങളെയെല്ലാം വിട്ട് പിരിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങിയ ദിവസം .......

 ഞങ്ങളുടെ ഉപ്പ ഞങ്ങള്‍ക്കൊരു ദൈര്യമായിരുന്നു ........

ശക്തിയായിരുന്നു.......................

ആവേശമായിരുന്നു ..............

ഊര്‍ജമായിരുന്നു.............

ആ ശക്തിയും ആവേശവും ദൈര്യവുമെല്ലാം ചോര്‍ന്നു പോയ ദിവസമായിരുന്നു ഇന്ന് ഞങ്ങള്‍ക്ക്,,,,,,,

ഉപ്പയുടെ വേര്‍പാടിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷം ഞങ്ങളുടെ ജീവിതത്തില്‍ വരുത്തിയ നഷ്ടം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ് .....
പടച്ച തമ്പുരാനേ ഞങ്ങളുടെ ഉപ്പാക്ക് നീ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കണേ ......

എന്‍റെ ഉപ്പയുടെ കുഞ്ഞു പ്രായത്തില്‍ തന്നെ ഉപ്പാക്ക് ഉപ്പ നഷ്ടപ്പെട്ടിരുന്നു ...
യാത്തീമായി വളരുമ്പോഴും ഉമ്മാമയെ (ഉപ്പയുടെ ഉമ്മ )പോറ്റാന്‍ ഉപ്പ കഷ്ടപ്പെടാന്‍ തുടങ്ങി

പള്ളിക്കൂടത്തിന്‍റെ ചുമരുകള്‍ കാണാതെ അന്നന്നത്തെ അന്നത്തിന് വേണ്ടി ഉപ്പ നെട്ടോട്ടമോടുകയായിരുന്നു...

ഇതൊക്കെ ഉപ്പ ഞങ്ങളോട് പറഞ്ഞു കേട്ട ഓര്‍മ്മ മാത്രമാണ് ..

ഞങ്ങള്‍ക്ക് ഓര്‍മ്മ വെച്ച കാലമായപ്പോഴേക്കും സ്വന്തമായി നല്ലോരു ഓടിട്ട വീടും ചുറ്റുപാടും ഞങ്ങള്‍ക്കുണ്ടായിരുന്നു
എല്ലാം ഉപ്പയുടെ അധ്വാനത്തിന്റെ ഫലം

എല്ലാ കഷ്ടപ്പാടും അനുഭവിച്ചു വളര്‍ന്നത്‌ കൊണ്ടാവാം ഞങ്ങളെ ഒരു കഷ്ടപ്പാടും അറിയിക്കാതെ ഉപ്പ പോറ്റി വളര്‍ത്തിയത് ...

കുട്ടിക്കാലം മുതലേ ആശകളോന്നും ബാക്കിയാക്കേണ്ടി വന്നില്ല എനിക്കും ഇക്കാക്കാക്കും ...

എല്ലാം ഞങ്ങളെ പുന്നാര ഉപ്പ സാധിപ്പിച്ചു തരുമായിരുന്നു ....

ഞങ്ങള്‍ എന്തെങ്കിലും വികൃതി കളിച്ചാല്‍ വല്ലാതെ ചീത്ത പറയും അടിക്കും

അത് കൊണ്ട് തന്നെ ഉപ്പ ഒന്ന് കണ്ണ് മുഴിച്ചാല്‍ പോലും ഞങ്ങള്‍ പേടിച്ചു വിറക്കുമായിരുന്നു

ഏതെങ്കിലും ദിവസം അടി കിട്ടിയാല്‍ തന്നെ
അടി കിട്ടിയ പാടുമായി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നാല്‍
സിദ്ധ വാതാഷിനി തൈലവുമായി അരികത്തു വന്നിരുന്ന്
ആ..അടികൊണ്ട്പാട് വന്ന സ്ഥലത്ത് ഉപ്പ തടവി തരുമായിരുന്നു ..
ഞാനപ്പോള്‍ ഉറക്കം നടിച്ചു കിടക്കും ..

എന്‍റെ മോന് വല്ലാതെ നൊന്തിട്ടുണ്ടാകും എന്നും പറഞ്ഞ് കവിളത്ത് ഒരുമ്മയും തന്ന് ഉപ്പ ഇറങ്ങി പോയാല്‍ ഉപ്പാന്റെ സങ്കടം ഓര്‍ത്തിട്ട് എന്നോട് കരഞ്ഞു പോകാറുണ്ടായിരുന്നു

എന്നാലും ഇടക്കൊക്കെ ഞങ്ങളോട് കൂടെ കളിക്കാനും തമാശ പറയാനും ഉപ്പ സമയം കണ്ടെത്തിയിരുന്നു ..

ഉപ്പാന്റെ ആ വലിയ കൈ കൊണ്ട് ഞങ്ങള്‍ക്ക് ചോറ് ഉരുട്ടി തരുമ്പോള്‍ ആദ്യം എനിക്ക് എന്ന് പറഞ്ഞു ഞാനും ഇക്കാക്കയും വാശി പിടിക്കുമായിരുന്നു ...

അത് പോലെ ഉപ്പാന്റെ രോമാവൃതമായ നെഞ്ചില്‍ കമിഴ്ന്ന് കിടന്നുറങ്ങാനും ഞാനും ഇക്കാകയും തമ്മില്‍ മത്സരിക്കുമായിരുന്നു ...

ഞങ്ങള്‍ക്ക് ചോറുരുട്ടി തന്ന ഞങ്ങളെ ഉപ്പ

ഞങ്ങളെ നെഞ്ചില്‍ കിടത്തി ഉറക്കിയ ഞങ്ങളെ ഉപ്പ

ഞങ്ങളെ പഠിപ്പിച്ചു വലുതാക്കിയ ഞങ്ങളെ ഉപ്പ ....

ഞങ്ങളെ കൊണ്ട് കല്ല്യാണം കഴിപ്പിച്ച ഞങ്ങളെ ഉപ്പ

ഉപ്പാപ്പാന്റെ മക്കളെ എന്നും പറഞ്ഞു പേര മക്കളെ താലോലിച്ച ഞങ്ങളെ ഉപ്പ

ഞങ്ങള്‍ ആണ്‍ മക്കള്‍ വളര്‍ന്നു വലുതായി സ്വന്തം കാലില്‍ നില്‍ക്കാനായിട്ടും ഞങ്ങള്‍ക്ക് വേണ്ടി തന്നെയായിരുന്നു ഉപ്പ നെട്ടോട്ടമോടി കൊണ്ടിരുന്നത് ...

ഇക്കാക്ക് വേണ്ടി വീടുണ്ടാക്കി ....

പിന്നെ ഞങ്ങളെ തറവാട്ട് വീട് പൊളിച്ച് പണിയാന്‍ തുടങ്ങി

ആ വീട് പണി പകുതിയായി നില്‍ക്കുന്ന സമയം ..

ഞാനന്ന് കുവൈത്തില്‍ നിന്നും കേന്സലാക്കി നാട്ടില്‍ വന്നിരുന്നു ..

അപ്പോഴാണ്‌ ഉപ്പാനെ വര്‍ഷങ്ങളായി അലട്ടി കൊണ്ടിരുന്ന കാല്‍ മുട്ട് വേദന കാണിക്കാന്‍ വേണ്ടി പപ്പു ഡോക്ടരുടെ അടുത്തു പോയത്

MRI ചെയ്യാന്‍ പറഞ്ഞു ...

അത് കണ്ടപ്പോള്‍ പപ്പു പറഞ്ഞു ..മണിപ്പാല്‍ ആശുപത്രിയില്‍ പോയി ഒന്ന് കാണിക്കണം എന്ന് ....

ഉപ്പാന്റെ അസുഗത്തെ പറ്റി പപ്പു ഡോകടര്‍ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ തകര്‍ന്നു പോയിരുന്നു

മണിപ്പാലില്‍ പന്ത്രണ്ട് ദിവസം കിടന്ന് എല്ലാ ടെസ്റ്റും കാര്യവും കഴിഞ്ഞപ്പോള്‍ എന്നെയും ഇക്കാക്കാനെയും അകത്തേക്ക് വിളിച്ചു ഡോക്ടര്‍ പറഞ്ഞു ...
അസുഗം മൂന്നാമത്തെ സ്റ്റേജ് വിട്ട് നാലാമത്തെ സ്റ്റേജില്‍ എത്തിയിരിക്കുന്നു ..

എനി ..ചിലപ്പോള്‍ ആറുമാസം ..അല്ലങ്കില്‍ ഒരു കൊല്ലം ..

ഏറിയാല്‍ രണ്ട് കൊല്ലം

ഏതായാലും കീമോ ചെയ്യണം .....

ഞാനും ഇക്കാക്കയും മാനസികമായി തകര്‍ന്നു പോയ നിമിഷം

പാവം ഞങ്ങളെ ഉപ്പ അറിയുന്നില്ല ഉപ്പാന്റെ അസുഗം ഇന്നതാണെന്ന്

ആ ആശുപതിയുടെ ചുമരുകളില്‍ എല്ലാം ഈ അസുഗത്തെ പറ്റി മലയാളത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും വായിക്കാന്‍ അറിയാത്തത് കൊണ്ട് ഉപ്പാക്ക് മനസിലായില്ല .

അവസാനം കീമോ ചെയ്യാന്‍ ഞങ്ങള്‍ ഒരാഴ്ച കഴിഞ്ഞു വരാം എന്നും പറഞ്ഞു ഞങ്ങള്‍ അവിടന്ന്ഡിസ്ചാര്‍ജ് ചെയ്തു പോരുമ്പോള്‍

മംഗലാപുരത്തെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ ...

ഉപ്പ പറഞ്ഞു നമുക്ക് ഭിരിയാണി തിന്നാം എന്ന് ..

ബിരിയാണി കഴിക്കുന്നതിനിടയില്‍ ഉപ്പ പറഞ്ഞ ആ വാക്കുകള്‍ ഒരിടി ത്തീ പോലെ ഇന്നും എന്‍റെ മനസ്സില്‍ മുഴങ്ങി കേള്‍ക്കുന്നു

ഞാന്‍ പേടിച്ചിരുന്നു കേന്‍സറാറ്റാരിക്ക്വോളീന്ന് ....ഏതായാലും അതൊന്നും അല്ലല്ലോ ,,പടച്ചോന്‍ കാത്ത്....

ഇത് കേട്ട ഞാനും ഇക്കാക്കയും മുകത്തോടു മുഖം നോക്കി ...

കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര് ഉപ്പാനെ കാണിക്കാതിരിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു ......

പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞത് പോലെ എല്ലാ ചികിത്സയും നടത്തി
ഒന്നര വര്‍ഷത്തോളം ....

പക്ഷെ ......

2011 ജൂണ്‍ ഒമ്പതാം തിയ്യതി രാത്രി ഞങ്ങളുടെ ഉപ്പ പടച്ച റബ്ബ് ന്‍റെ വിളിക്ക് ഉത്തരം നല്‍കി മടങ്ങി........

അതിനു ശേഷമുള്ള ഓരോ ദിവസത്തിലും എന്‍റെ ഓരോ ശ്വാസ്വോ ശ്വാസത്തിലും ഉപ്പാന്റെ ഓര്‍മ്മകളുമായി ഉപ്പാക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നു ,,,,,

നിങ്ങളുടെ ഓരോരുത്തരുടെ പ്രാര്‍ഥനയിലും ഞങ്ങളുടെ ഉപ്പാനെയും, കൂടി ഉള്‍പ്പെടുത്തണേ എന്നുണര്‍ത്തി ക്കൊണ്ട് .......ഞാന്‍ നിര്‍ത്തട്ടെ

നമ്മില്‍ നിന്നും വിട്ട് പിരിഞ്ഞു പോയ നമുക്ക് വേണ്ട പ്പെട്ട എല്ലാവരെയും പടച്ച തമ്പുരാന്‍ അവന്‍റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ ......
അവരുടെ ഖബര്‍ അല്ലാഹു സ്വര്‍ഗ്ഗ ത്തോപ്പാക്കി കൊടുക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ .........

Monday, September 30, 2019

അമളി



സൂര്യകാന്തി  പൂക്കൾ  വിടർന്നു നിൽക്കുന്ന  മനോഹരമായ കാഴ്ചകളും  നോക്കി  സൈഡ് സീറ്റിൽ  ഞാനിങ്ങനെയിരിക്കുകയാണ്

മൈസൂരെക്കാണ്  യാത്ര

നമ്മുടെ  ksrtc നല്ല  വേഗതയിൽ തന്നെയാണ്  പോകുന്നത്

ഗുണ്ടിൽപേട്ട എത്താൻ  ഇനിയും കുറച്ചു കൂടിയുണ്ട്
കാവേരി ഹോട്ടൽ കഴിഞ്ഞു  കാണും

പെട്ടന്നായിരുന്നു അത് സംഭവിച്ചത്

ബസ്  റോഡിൽനിന്നിറങ്ങി  ഒരു വശത്തേക്ക്  പോയി

ബസ്സിലുള്ളവർ  നിലവിളിക്കാൻ  തുടങ്ങി
കണ്ടക്ടർ ഡ്രൈവറുടെ അടുത്തേക്ക്  ഓടി

പിന്നാലെ  ഞാനും

ഒരു കൈ  നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട്  ഡ്രൈവർ  ബസ്  നിയന്ദ്രിക്കാൻ  പാടുപെടുകയാണ്

എനിക്ക്  കാര്യം  മനസിലായി

മൂപ്പർക്ക്  ഇത്  അറ്റാക്ക്  തന്നെ

ഞൊടിയിടയിൽ  ഡ്രൈവറെ  ശകലം  തള്ളി  നീക്കി  ഞാൻ  ഡ്രൈവിംഗ്  സീറ്റിലിരുന്നു

ബസ്  നിയന്ദ്രണ വിദേയമാക്കി  ഓരം ചേർത്ത്  നിർത്തി

കുറച്ചു പേര്  ചേർന്നു ഡ്രൈവറെ  മറ്റൊരു  സീറ്റിലേക്ക്  കിടത്തി

അതിനിടയിൽ  ആരോ  എന്നോട് പറഞ്ഞ്

നിങ്ങള് പെട്ടന്ന്  ബസ്സെടുക്ക്
ഗുണ്ടിൽ പേട്ട  ഹോസ്പിറ്റൽ  വരെ

കണ്ടക്ടർ കൂടി  അങ്ങനെ പറഞ്ഞപ്പോൾ  ഞാൻ  ബസ്സുമായി  ഗുണ്ടിൽ പേട്ട ലക്ഷ്യമാക്കി  കുതിച്ചു

ഈ  ഡ്രൈവരുടെ നെഞ്ചു വേദനയൊക്കെ  എന്റെ മനസീന്ന് പോയി

അപ്പോൾ  ഞാൻ  തന്നെ  എന്റെ മനസ്സിൽ  ഒരു  ഹീറോ  ആവുകയായിരുന്നു

ഇടക്കൊന്നു  തിരിഞ്ഞു നോക്കിയപ്പോൾ  യാത്രക്കാരിൽ  ചിലര്  തംസ്അപ്പിന്റെ  പരസ്യം പോലെ  എനിക്ക് നേരെ  തള്ള വിരൾ ഉയർത്തി കാണിച്ചു കൊണ്ട്  ചിരിച്ചു

ഇതുകൂടെ  കണ്ടപ്പോൾ  സ്റ്റിയറിങ്ങിൽ  നിന്നും രണ്ട് കയ്യും വിട്ട് ഞാനെന്റെ ഷർട്ടിന്റെ  കോളറയൊക്കെ  ഒന്നുയർത്തി

ഗുണ്ടിൽ പേട്ട RTO  ചെക്ക്  പോസ്റ്റിന്റെ  ഗേറ്റ്  അടഞ്ഞു കിടക്കുന്നത്  ദൂരെ  നിന്നെ എന്റെ കണ്ണിൽ പെട്ടു

അടുത്തെത്താറായപ്പോൾ  ബ്രേക്കിലൊന്നു  കാല്  വെച്ചതും  അറ്റാക്ക്  വന്നവന്റെ  ഹൃദയത്തെക്കാളും  എന്റെ  ഹൃദയം  ഇടിക്കാൻ  തുടങ്ങി

പടച്ചോനെ  ബ്രേക്ക്  പോയിരിക്കുന്നു

ഞാനാഞാഞ്ഞു  ചവിട്ടി  നോക്കി

രക്ഷയില്ല

എന്റെ കണ്ണിൽ  ഇരുട്ട്  കേറാൻ തുടങ്ങി

ഏതോ  സിനിമയിൽ  പപ്പു  നിലവിളിച്ചത്  പോലെ  ഞാനും  നിലവിളിച്ചു  പോയി

അത്രയും
 ഉച്ചത്തിൽ  ലോകത്താരും  നിലവിളിച്ചിട്ടുണ്ടാകുമോ  ന്ന് സംശയമാ

പെട്ടന്ന്
ഇരുട്ട്  കേറിയ കണ്ണിലേക്ക്  വല്ലാത്തൊരു  പ്രകാശം  നിറഞ്ഞു

ഞാൻ   നോക്കിയപ്പോൾ    കെട്ട്യോളും മക്കളും ഒപ്പം ഉമ്മയും എന്റെ കട്ടിലിനടുത്ത്

ഒറക്കത്ത് ഇങ്ങനെ അട്ടായിക്ക് ന്നാനെ ഇഞ്ഞെനി മൈസൂര് പോണ്ട
ഉമ്മാന്റ വാക്ക് കേട്ട് ചമ്മിയ ഞാൻ തലയിലൂടെ പുതപ്പിട്ട് പിന്നേം കിടന്നു...

Monday, November 3, 2014

ലോക കപ്പ്

ഞാനും ചെറുപ്പത്തില്‍ ഫുഡ്‌ബോള്‍ കളിക്കാന്‍ പോകുമായിരുന്നു ..
പിന്നീട് ഞാനാ പൂതി ഉപേക്ഷിച്ചു ...
ഞാനീ കളി തുടര്‍ന്നാല്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല ..
അങ്ങനെ ആയിക്കഴിഞ്ഞാലുള്ള എന്‍റെ ഒരു അവസ്ഥ ആലോചിച്ചു നോക്കിയതാണ് ഞാനീ പൂതി ഉപേക്ഷിക്കാന്‍ കാരണം ...
ആരും ചിരിക്കണ്ട .....
ഞാന്‍ പറേണത് മുയുമന്‍ കേക്ക് ...
ആദ്യം തന്നെ ഈ ലോല ഹൃദയന്റെ ഉള്ളില്‍ ഓടിയെത്തിയത് ആ പന്തന്‍റെ മനസായിരുന്നു ...
എല്ലാരും കൂടി പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗ്രൌണ്ടിലിട്ട് നെട്ടോട്ടമോടിച്ച് ചവിട്ടി കൂട്ടുകയല്ലേ ആ പാവം പന്തിനെ ....
ഇതിന് മാത്രം എന്ത് തെറ്റാണാവോ ആ പന്ത് ഇവരോട് ചെയ്തത് ..
അങ്ങനെയുള്ള ഒരു പന്തിന്‍റെ ശാപം വാങ്ങി ക്കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
ഇത് ഒന്നാമത്തെക്കാരണം
ഇനി കാരണം രണ്ട്...
ഞാന്‍ കളിക്കളത്തില്‍ ഇറങ്ങിയാല്‍ എന്നോട് ഗോളടിച്ചുപോകും
അങ്ങനെ ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവനും കൊണ്ട് മരണ പാച്ചല് പായണം
എന്നാലും കൂടെ കളിക്ക്ന്നവര്‍ വിടൂല അവരും പിന്നാലെ പായും
പാച്ചല്‍ നിര്‍ത്തിയാലോ പിന്നാലെ വന്നവര്‍ തോളിലും തലയിലും കേറി പൊങ്കാലയിടും .
എന്തിനീ സങ്കടപ്പാട് വിളിച്ചു വരുത്തണം
ഇനി മൂന്നാമത്തെ കാരണം
കോര്‍ണര്‍ കിക്ക് ....
ഇത് വലാത്തൊരു കിക്കാണ്
ഈയൊരു കിക്ക് നമ്മള്‍ അടിക്കേണ്ടി വരും
കിക്കാവുന്ന ഒരു കാര്യവും ചെയ്യുന്നത് എനക്ക് പണ്ടേ ഇഷ്ട്ടമല്ല
കാരണം നമ്പര്‍ ഫോര്‍
പെനാല്‍റ്റിഷൂട്ടൌട്ട്
പെനാല്‍റ്റി എന്ന് കേള്‍ക്കുന്നത്തെ എനക്ക് അലര്‍ജിയാണ്
ഇന്നേ വരെ എന്‍റെ ജീവിതത്തില്‍ ഒരു കാര്യത്തിനും ഞാന്‍ പെനാല്‍റ്റി കെട്ടേണ്ടി വന്നിട്ടില്ല ...
അഞ്ചാമതായി ..
ചുവന്ന കാര്‍ഡും മഞ്ഞ കാര്‍ഡും
എന്നെ തന്നെ എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഐഡന്റിറ്റി കാര്‍ഡ് കൊണ്ട് ഒരു പാട് കാര്യങ്ങള്‍ നടത്താറുള്ള ഞാന്‍ കേവലം മഞ്ഞയും ചുവപ്പും കളറുള്ള ഒരു കാലിക്കാര്‍ഡ് കാണിക്കുമ്പോള്‍ കേറി പോകേണ്ടി വരിക എന്ന് പറഞ്ഞാല്‍ ഇത്രയും വല്യ നാണക്കേട് പിന്നെ വേറെയെന്താണ് ...
ഇങ്ങനെയൊക്കെ അന്ന് ഞാന്‍ ചിന്തിച്ചിട്ട് ഈ കാല്‍പന്ത്‌ കളിയുടെ മോഹം ഉപേക്ഷിചില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആയിപ്പോകില്ലായിരുന്നോ ....ദൈവം കാത്തു 

ഡ്രൈവര്‍

വാഹനമോടിക്കുന്നവരെല്ലാം ഡ്രൈവര്‍ മാരാണെങ്കിലും വാഹനമോടിക്കള്‍ തന്‍റെ ഉപജീവന മാക്കിയവരെ മാത്രമേ നാംഡ്രൈവര്‍ എന്ന് വിളിക്കുകയുള്ളൂ ....
എന്‍റെയും ഉപജീവന മാര്‍ഗം ഈ ഡ്രൈവിംഗ് ജോലി ആയതുകൊണ്ട് തന്നെ ആ വിളിയില്‍ പെട്ട ഒരാളാണ് ഞാനും ...
പണ്ടൊക്കെ ഒരു വീട്ടില്‍ ഒരു ജീപ്പോ കാറോ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് ഒരു ഡ്രൈവറും വേണമായിരുന്നു
അന്നൊക്കെയുള്ള കുട്ടികള്‍ ഈ ഡ്രൈവര്‍ മാരെ നോക്കി കണ്ടിരുന്നതും ഒരാരാധനയോടും ബഹുമാനത്തോടുമോക്കെയായിരുന്നു ...
ചെറുപ്പകാലത്ത്ഞാനൊക്കെ ബസ്സും ലോറിയുമൊക്കെ ഓടിക്കുന്നവരെ വളരെ കൌതുകത്തോടെ യായിരുന്നു നോക്കിയിരുന്നത് ...
ഇങ്ങനെയൊക്കെയുള്ള വെത്യസ്ഥമാം ഡ്രൈവറെ ഇന്ന് സത്യത്തിലാരും തിരിച്ചറിയുന്നില്ല ..
ഫീലിംഗ് : ഉള്ളില് സങ്കടണ്ട് ട്ടോ

അഹഗ്ഗാരം

ഞാന്‍ അഹഗ്ഗാരം കൊണ്ട് പറയാന്ന് വിചാരിക്കരുത് ...
ഈ ഞാന്‍ ഇങ്ങനെയോന്നുമാല്ലായിരുന്നു..... അന്ന്
അന്നെന്‍റെ മുന്നില് കൈ നീട്ടാത്തവരില്ലായിരുന്നു ,,,,,,
കൈ നീട്ടിയവരെ ആരെയും ഞാന്‍ നിരാഷപ്പെടുത്തിയിട്ടുമില്ലായിരുന്നു .......
ദേശാന്തരങ്ങളും ഭാശാന്തരങ്ങളും കടന്ന് എന്‍റെ മുന്നില്‍ വന്ന് കൈ നീട്ടിയവര്‍ എത്രയെത്ര രാജ്യക്കാര്‍ ..
അമേരിക്ക
ജപ്പാന്‍
ഇന്ത്യ
ശ്രീലങ്ക
നേപ്പാള്‍
പാക്കിസ്ഥാന്‍
ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാന്‍
ഫിലിപ്പീന്‍
ചൈന
ഇന്തോനേഷ്യ
ഈജിപ്ത്
സിറിയ
ലെബന്‍
ഇറാക്ക്
ഇറാന്‍
കുവൈറ്റ്‌
കൊറിയ
ബ്രിട്ടന്‍
നെജീരിയ
സൊമാലിയ
മൊറോക്കോ
കെനിയ
ഫ്രാന്‍സ്
ഇറ്റലി
ജോര്‍ദാന്‍
സുഡാന്‍
സൗദി
ഒമാന്‍
അങ്ങനെയങ്ങനെ ....
എണ്ണിയാല്‍ തീരില്ല ........
ചുരുക്കി പറഞ്ഞാല്‍ ലോകത്തുള്ള ഒരു വിധം എല്ലാ രാജ്യക്കാരും ......
എല്ലാവര്‍ക്കും അവര്‍ കൈ നീട്ടുമ്പോള്‍ തന്നെ ഞാന്‍ ടിക്കറ്റ് കൊടുക്കുമായിരുന്നു ..
കാരണം
അന്ന് ഞാന്‍ കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലെ ബസ്സ്‌ ഡ്രൈവറായിരുന്നു ....