Saturday, December 28, 2013

പൂച്ച

ഞാന്‍ എന്നും വൈകുന്നേരം രണ്ട് പാര്‍സലും കൊണ്ട് എന്‍റെ ലൊക്കേഷനില്‍ പോകും

ഏതാണ്ട് ഒരേ സമയത്ത് തന്ന്യാ പോകാറും

ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതും കാത്ത് എന്നും രണ്ട് പൂച്ചകളും അവിടെയുണ്ടാകും

ഞാനാ പാര്‍സലും കൊണ്ട് അവിടെയുള്ള പെന്‍ട്രിയിലേക്ക് കേറുന്നത് വരെ ആ പൂച്ചകള്‍ എന്‍റെ പിന്നാലെ വരും

ഞാനതിനകത്ത്‌ കേറുമ്പോള്‍ പൂച്ചകള്‍ പുറത്ത് വെയിറ്റ് ചെയ്യും

ഫുഡ്‌ അകത്തു വെച്ചതിന് ശേഷം പുറത്തിറങ്ങിയ ഞാന്‍ ഡോര്‍ നന്നായി അടച്ചതിന് ശേഷം തിരിച്ച് വണ്ടിയിലേക്ക് നടക്കും

അപ്പോഴും ആ പൂച്ചകള്‍ വല്ലാത്തൊരു ശാരീരിക ചലനങ്ങളോടെയും നോട്ടത്തോടെയുംഎന്നെ അനുഗമിക്കും

ആ ചലനവും നോട്ടവും കണ്ടാലറിയാം എന്നോടുള്ള വല്ലാത്തൊരു സ്നേഹമാണ് അവ പ്രകടിപ്പിക്കുന്നതെന്ന്

തിരിച്ചു വരുന്ന വഴിക്ക് ഞാനിങ്ങനെ ഓര്‍ത്തു നോക്കി

ആ ഫുഡ്‌ ഞാനാ പൂച്ചകള്‍ക്ക് കൊടുക്കുന്നോന്നും ഇല്ലാലോ
പിന്നെ എന്തിനായിരിക്കും ആ പൂച്ചകള്‍ എന്നെ ഇങ്ങനെ ഇഷ്ടപ്പെടുന്നത് ?

എനിക്കെന്‍റെ സംശയത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല

രാത്രി പത്ത് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ആ രണ്ട് സ്റ്റാഫ്‌ നെയും തിരിച്ചെടുത് വരുമ്പോള്‍ ഞാന്‍ ചോദിച്ചു ..

തും ലോക് ഖാനാ ഖാനെ ക്കാ ടൈം ദോ ബില്ലി ആത്താ ഹേ ഉദര്‍ ?
(എനിക്ക് ഇത്രയേ ഹിന്ദി അറിയുള്ളൂ )

എന്നാലും അവര്‍ക്ക് കാര്യം മനസിലായി

ഇക്കൂട്ടത്തില്‍ ഹിന്ദി അറിയാത്തവര്‍ ഉണ്ടെങ്കില്‍ ഞാന്‍ തര്‍ജമ ചെയ്യാം

നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവിടെ രണ്ട് പൂച്ചകള്‍ വരാറുണ്ടോ ?

ഇതുകേട്ട ഉടനെ അവര്‍ പറഞ്ഞു

അതെ വരാറുണ്ട് ഞങ്ങള്‍ ഞങ്ങള് കഴിച്ച ഫുഡിന്‍റെ വേസ്റ്റ്‌ എന്നും ആ പൂച്ചകള്‍ക്ക് കൊടുക്കാറുണ്ട്
അതിന് രണ്ടിനും വിഷപ്പ് മാറാനൊന്നും അത് തികയാരില്ലെങ്കിലും

ഇത് കേട്ടപ്പോള്‍ ഞാന്‍ രണ്ട് നിമിഷം നിശ്ചലനായി ഓര്‍ത്തുപോയി

ഭക്ഷണം കൊടുക്കുന്നവരെക്കാളും അത് കൊണ്ടുവരുന്ന എന്നെ അവ തിരിച്ചറിഞ്ഞതും ആ നന്ദി എന്നോടു കാണിക്കുന്നതും ..

പിറ്റേന്ന് മുതല്‍ ഒരു പാര്‍സല്‍ ആ പൂച്ചകള്‍ക്കായി ഞാന്‍ കരുതും

ഹും ..പഠിച്ച പൂച്ചകള്‍ തന്നെ

എന്‍റെ സെന്ടിമെന്റില്‍ കേറി പിടിച്ചു കളഞ്ഞില്ലേ ...

മീന്‍ പാച്ചല്


ഞങ്ങളെ മിക്സുബിഷി പിക്കപ്പ് വിറ്റ് പുതിയ 407വാങ്ങിയ സമയം
കാര്യമായ പണിയൊന്നും കിട്ടാത്തെ കുറ്റ്യാടി പിക്കപ്പ് സ്റ്റാന്‍റ്റില്‍ നില്‍ക്കുന്ന സമയത്താണ് കുമ്മാട്ടി ഹമീദ് ക്ക എന്നോടു വന്നു ചോദിച്ചത് ..

മുജീബെ ഇനിക്ക് മീന്ന് പോക്വോനാവ്വോ ..ന്ന്

ബേഡ്ജ് പോലും കിട്ടിയിട്ടില്ല എങ്കിലും വണ്ടി ഓടിക്കാനുള്ള പുളിപ്പ് തലയില്‍ കേറി നിക്കുന്ന സമയമായതു കൊണ്ട്
ഞാന്‍ പറഞ്ഞു ...

ഓക്കേ ഹമീദ് ക്കാ ഞാന്‍ പോകാം..

ഇതുകേട്ട ഹമീദ് ക്ക പറഞ്ഞു
നല്ല പാച്ചല് പായണ്ട്യെ ബെരുവേ ..

ശരി ഹമീദ് ക്കാ അതൊക്കെ ഞാനേറ്റു ... എന്നും പറഞ്ഞു ഞാന്‍ വണ്ടി ശാട്ടാക്കി ..

ഹമീദ്ക്ക വന്നില്ല പകരം ഒരു ഗഫൂര്‍ എന്നവനെ എന്‍റെ കൂടെ വിട്ടു ..

ആദ്യം പോയത് നേരെ ചോമ്പാല്ലേക്ക് ..

അവിടന്ന്‍ വണ്ടി നിറയെ ഐസ് ബ്ലോക്ക്കേറ്റി താര്‍പായ ഇട്ട് മൂടി ..

പിന്നെ ചാടി വണ്ടിയില്‍ കേറിയ ഗഫൂര്‍ പറഞ്ഞു
ചവിട്ടി വിട്ടോ വടകരക്ക് ..
ആടെണ്ട് ഒരു ബോട്ട് നിറയെ മത്തി വന്ന്ക്ക്

വടകര കടപ്പുറം എത്തിയപ്പോള്‍ ആ മത്തി ആണുങ്ങള്‍ കൊണ്ട് പോയിരുന്നു

വീണ്ടും വണ്ടിയില്‍ ചാടി ക്കേറിയ ഗഫൂര്‍

ചവിട്ടി വിട് കോയിക്കോടെക്ക് ..

ഞാനെന്‍റെ ആവതു പോലെ വണ്ടി പറപ്പിക്കുംപോഴും
ഗഫൂര്‍ പറയുന്നു ..
കാല് കൊടുത്ത് പോട്ടെ കാല് കൊടുത്ത് പോട്ടെ ...

അതിനിടയില്‍ കാണുന്ന ടെലിഫോണ്‍ ബൂത്തിലൊക്കെ നിര്‍ത്തുകയും വേണം ....

കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെത്യേരെ അവിടെയും മീനില്ല

വീണ്ടും വണ്ടിയില്‍ ചാടിക്കേറിയ ഗഫൂര്‍ പറഞ്ഞു

ബിട് കണ്ണൂരേക്ക്‌ ....

അല്ലംബ്ബാ ഇപ്പം അംബയിക്ക്ന്നല്ലേ ഞമ്മള് വന്നത് ,,

എന്ന് ചോയ്ക്ക്വോന്‍ തോനിയെങ്കിലും ഒന്നും മിണ്ടാത്തെ ഞാന്‍ വണ്ടി കണ്ണൂരേക്ക്‌ വിട്ടു

ഒന്ന് മുള്ളാന്‍ പോലും സമയം കിട്ടാത്തെ ഹൈവേയിലൂടെ മരണപാച്ചല് പായുംപോഴെല്ലാം ഗഫൂര്‍ പറയുന്നു

കാല് കൊടുത്ത് പോട്ടെ കാല് കൊടുത്ത് പോട്ടെ ...

ഇത് കേട്ട് പെരാന്ത് പിടിച്ച എനിക്ക് എന്‍റെ കാലെടുത്ത് ഇവനൊരു ചവിട്ട് കൊടുത്താലോന്ന് തോന്നിപ്പോയി ..

കണ്ണൂരെത്തി ഗഫൂര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി..
ഞാനൊന്ന് മരിയാതിക്ക് ശ്വാസം വിടുന്നതിന് മുന്നേ ഗഫൂര്‍ വീണ്ടും ഓടി വരുന്നു ..

ഇബ്ടതോം പോയി പിന്നേം ബിട് കോയിക്കൊടെക്കെന്നെ ..

പടച്ച തമ്പുരാനേ ഇതെന്തൊരു കുടുക്കിലാ ഞാന്‍ കുടുങ്ങ്യെ എന്ന് മനസ്സില്‍ പിറ് പിറ് ത്ത് കൊണ്ട് ഞാന്‍ വീണ്ടും വണ്ടി കൊയിക്കോടെക്ക് വിട്ടു ..

പായുന്ന പാചലില്‍ ഞാന്‍ ചോയ്ച്ച്‌

അല്ല ഗഫൂറെ ......ചായ്യോ ചോറോ എന്തെങ്കിലും ഒന്ന് കയ്ക്കണ്ടേ

ബാക്കീള്യോന് മീന്‍ കിട്ടേറ്റ്ള്ള ബെജാറാ അന്നെരാ ഇഞ്ചോരു ചായ

ഞാനത് പറഞ്ഞു തീരുന്നതിനു മുന്നേ ഗഫൂറിന്റെ മറുപടി ഇങ്ങനെയായിരുന്നു ..

കോയിക്കോട് എത്തിയതും ,,,,,,,,

അവിടന്നും ഗഫൂര്‍ ഓടി വരുന്നു

ബിട് ബിട് ബടെരക്ക്യന്നെ ബിട് ..ആടെണ്ട് കുഞ്ഞിമ്മത്തി എറങ്ങീക്ക്,,,

വടകര എത്തിയപ്പോള്‍ എന്തോ പടച്ചോന്റെ കുദ്രത് കൊണ്ട്

ആടന്നാ കുഞ്ഞിമ്മത്തി ലോഡാക്കി ...

എല്ലാം കഴിഞ്ഞു വണ്ടിയില്‍ കേറിയ ഗഫൂര്‍ അത് വരെ കണ്ട ഗഫൂറെ അല്ല ..മുകത്ത് ചിരി നല്ല വര്‍ത്താനം ...മൂപ്പര് ഹേപ്പി ..

അവിടന്ന് വരുന്ന വഴിക്ക് ഗഫൂര്‍ എന്നോടു പറഞ്ഞു

ഇതാണ് മുജെബെ മീന്‍ പാച്ചല് ...എന്നാലും ഇനിക്ക് ഭാഗ്യെണ്ട് ...
ഇന്ന് ബലിങ്ങനെ പായണ്ട്യെ വന്ന്ക്കില്ലാലോ ..

ഇപ്പാച്ചാല് മൊത്തം പാഞ്ഞിട്ടും ഇവനീ പറയുന്നത് കേട്ട് ഞാന്‍ അന്തം വിട്ടു ..

അങ്ങനെ അവനോട് ഞാന്‍ പറഞ്ഞ് ...

ഈന്‍റെ പേര് മീന്‍ പാച്ചല് ന്നല്ല മാണ്ട്യെ

ബെളിചിലോട്ടം ന്ന്ടണം ബെളിചിലോട്ടം ...

അല്ല പിന്ന ..................

(അതിനു ശേഷം മീന്‍ വണ്ടീലേക്ക് ഞാന്‍ ,,ങേ ഹെ!! )

മറക്കാത്ത പാട്ട്

മോസം റഗ്ഗിലാഹേ..
ആഷിക് ബി ഹേ ...
മാശൂക്ക് ബീ ......................ഇങ്ങനെ തുടങ്ങുന്ന ഒരു ഹിന്ദി ഗാനമുണ്ട്
നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ ഈ ഗാനം
അല്ലങ്കില്‍ എപ്പോഴെങ്കിലും കേട്ടതായി ഓര്‍ക്കുന്നുണ്ടോ ഈ ഗാനം ..

എന്നാല്‍ ഞാന്‍ ഒരിക്കലും മറക്കില്ല ഈ ഗാനം ....

ഇന്നലെ മുടി വെട്ടിക്കാന്‍ ബാര്‍ബര്‍ഷോപ്പില്‍ പോയപ്പോള്‍
അവിടത്തെ ടി വിയില്‍ നിന്നും .......................
ഒരുപാട് നാളുകള്‍ക്കു ശേഷം ഈ ഗാനം വീണ്ടും കേള്‍ക്കാനിടയായി ..

അങ്ങനെ ആ കഴിഞ്ഞു പോയ സംഭവം
ഇന്നലെ വീണ്ടും എന്‍റെ മനസ്സില്‍ ഓടിയെത്തി .......................

അന്ന് പുല്ല് കേറ്റാന്‍ വേണ്ടി കര്‍ണാടകയിലേക്ക് പോകുന്ന വഴിക്ക് മാനന്തവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം തോന്നിയതാണ് .
ഒരു പുതിയ കേസറ്റ് വാങ്ങിയാലെന്താ ....എന്ന് ..

നല്ല ഹിന്ദി ഗാനം ആവശ്യപ്പെട്ട എന്നോട് കടക്കാരന്‍ പറഞ്ഞു
ഇത് മമ്മൂട്ടിയുടെ പുതിയ ഹിന്ദിപ്പടമാ ..
ഇതിലെ എല്ലാ പാട്ടും സൂപ്പറാ ....

നമ്മുടെ സ്വന്തം മമ്മുക്കയല്ലേ എന്ന് കരുതി ഞാന്‍ കൂടുതല്‍ ആലോചിക്കാതെ ആ കേസറ്റ് തന്നെ വാങ്ങി ..

പോകുന്ന വഴിയില്‍ അതിലെ രണ്ട് മൂന്ന് പാട്ടുകള്‍ കേട്ട് കഴിഞ്ഞതും ഡ്രൈവര്‍ വിനോദന്‍റെ മുട്ടന്‍ തെറി ഞാന്‍ കേട്ടു..
നാല്പതു ഉര്‍പ്യേം കൊടുത്ത് ഒരു കേസട്ടും വാങ്ങി വന്ന്ക്ക് ..

പക്ഷെ അതിലെ ഒരു പാട്ട് മാത്രം ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇഷ്ടമായി

അതെ ഞാന്‍ മുകളില്‍ പറഞ്ഞ... ആ അടിപൊളി പാട്ട് ..

അത് കൊണ്ട് തന്നെ ആ പാട്ട് തന്നെ ഞങ്ങള്‍ കേട്ട് കൊണ്ടിരിന്നു

തിരിച്ച് പുല്ലും കയറ്റി വരുന്ന വഴി കൊടും കാട്ടിനുള്ളിലെ വെള്ളയില്‍ എന്ന സ്ഥലത്ത് എത്താറായപ്പോള്‍
റോഡിനു നടുവിലായി രണ്ട് കാട്ടാന ...
ഇതെന്ത് കാട്ടാനാ എന്ന ഭാവതോടെ വിനോദന്‍ വണ്ടി എടുത്തു..

ആ ആനകള്‍ വണ്ടി കൊള്ളെ ഒറ്റത്തിരിയലും
വിനോദന്‍ ഒറ്റ വെട്ടിക്കലും...
വണ്ടി ഒറ്റ മറിയലും...............................

മറിഞ്ഞ വണ്ടി കുറെ മുന്നോട്ടു നിരങ്ങി പോയിനിന്നു.....

വിനോദന്‍ അടിയിലും ഞാന്‍ മേലെയുമായി കിണറ്റില്‍ വീണ അവസ്ഥയില്‍ ...
മറിഞ്ഞ വാഹനത്തില്‍ നിന്നും ചില്ല് പൊളിച്ച് ആളുകളെ പുറത്തെടുത്തു എന്നൊക്കെ പത്രങ്ങളില്‍ വായിക്കാറുള്ളത് ഓര്‍മയായ ഞാന്‍ മറിഞ്ഞു കിടക്കുന്ന എന്‍റെ വണ്ടിയുടെ ചില്ലിനിട്ട് കുറെ ഇടിച്ചു നോക്കി ....ചില്ല് പോളിയുന്നില്ല ...

അവസാനം മുകളിലോട്ട് നോക്കിയപ്പോള്‍ ആകാശം കണ്ട ഞാന്‍
കിണറ്റില്‍ നിന്നും കയറും പോലെ പുറത്തേക്കു വന്നു ...

എനിക്ക് പിന്നാലെ വിനോദനും കയറി വന്നു ...

പക്ഷെ അപ്പോഴെല്ലാം ......
മോസം റഗ്ഗിലാഹേ..ആഷിക് ബി ഹേ ... എന്ന് തകര്‍ത്തു പാടിക്കൊണ്ടിരിക്കുകയായിരുന്നു ..

കുട്ടിക്കാലം

പലരും പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്

ആ..കഴിഞ്ഞു പോയ കുട്ടിക്കാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ,,,,

പക്ഷെ ഈ ഞാന്‍ അതിനോട് യോജിക്കുന്നില്ല .......

പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ എനിക്കാ കുട്ടിക്കാലത്തിലേക്ക് പോകാന്‍ താല്‍പര്യമെയില്ല........

ഇത് വായിച്ച് നിങ്ങള്‍ അതിശയിക്കുന്നുണ്ടാവും എന്നെനിക്കറിയാം

എന്നാല്‍ അതിന്‍റെ കാരണങ്ങള്‍ ഞാന്‍ പറയാം

ഒന്നാമതായി അന്നൊക്കെ വട്ട ചിലവിന് കാശുണ്ടാക്കിയിരുന്ന
ഉപ്പിലച്ചപ്പും കുറുന്തോട്ടിയുടെ വേരും ഇപ്പോള്‍ ആര്‍ക്കും വേണ്ട
അഥവാ ഈ വേര് വേണമെങ്കില്‍ തന്നെ കുറുന്തോട്ടിയെ കാണാനേയില്ല

പിന്നെ അന്ന് നമ്മള്‍ കളിച്ച കളികളൊക്കെ,,,, എന്തൊക്കെയായിരുന്നു

ആ കളികളൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയുക പോലും ഇല്ലല്ലോ
അത് കൊണ്ട് തന്നെ അതൊക്കെ ഇന്ന് നമ്മള്‍ തനിച്ചിരുന്ന് കളിക്കേണ്ടി വരില്ലേ ............?

കണ്ണന്‍ ചിരട്ടയില്‍ ചോറ് വെച്ചും മണ്ണപ്പം ചുട്ട് കളിച്ചതും ,,, ഒന്ന്

ഓലപ്പന്ത് കൊണ്ട് തലമയും അട്ടിയെറും കളിച്ചത് മറ്റൊന്ന്

കമ്മ്യൂണിസ്റ്റ് പച്ചയുടെ വടിയുമായി പറമ്പ് നിറയെ ഓടി പോലീസും കള്ളനും കളിച്ചതും മറ്റൊന്ന്

പെരുത്തല മട്ടലില്‍ കയറ് കെട്ടി പൈക്കളെ പോറ്റിയതും മറ്റൊന്ന്

ചൂടി വളയം എന്ന ബസ്സില്‍ പാസഞ്ചറായി കേറാന്‍ കുട്ടികളെ കിട്ടില്ല എന്നതും മറ്റൊന്ന്

കവുങ്ങിന് മുകളില്‍ ചിരട്ട കെട്ടി മരക്കിഴങ്ങിന്‍റെ കൊള്ളി മൈക്കാക്കി പ്രസംഗിച്ചാല്‍ കേള്‍വിക്കാരെ കിട്ടില്ല എന്നുതും മറ്റൊന്ന്

എന്‍റ നരച്ച താടിയുടെ പരുവമാകുന്നത് വരെ തെങ്ങിന്‍ തൊണ്ട് ഉരുട്ടി ക്കളിക്കാന്‍ പറ്റില്ല എന്നതും മറ്റൊന്ന് ....

എന്തിനേറെ പറയുന്നു,, മാപ്പിളയും പെണ്ണുങ്ങളുമായി കളിക്കാന്‍ കുട്ടികളെ കിട്ടില്ല എന്നത് വല്ലാത്തൊരു മറ്റൊന്ന്

അങ്ങനെയങ്ങനെ ...........ഇവിടെ നിരത്തിയാല്‍ തീരത്തത്ര എത്രയെത്ര കളികള്‍

ഇതൊക്കെ ഒരു പക്ഷെ സഹിക്കാന്‍ പറ്റിയെക്കാം എന്നാല്‍ സഹിക്കാന്‍ പറ്റാത്ത തായ മറ്റൊന്നുണ്ട്

പപ്പടത്തിന്‍റെ വട്ടത്തില്‍ തയഞ്ഞു കീറിയ....
മൂട്ടില്‍ രണ്ടോട്ടയുള്ള വള്ളി ട്രൌസര്‍ ഇപ്പോള്‍ കിട്ടാനേ ഇല്ല എന്നുള്ള ആ മഹാ സത്യം
..............................

NB :ഏതു കുട്ടിക്കാലവും എല്ലാരെപ്പോലെയും എനിക്കും ഒരുപാട് ഇഷ്ടം തന്നെയാണ് ...
പിന്നെ സ്റ്റാറ്റസിന്‍റെ ദാരിദ്ര്യം കൊണ്ട് എഴുതിപ്പോയതാണ് .......

എന്‍റെ സലാം

അറുപത്താറ് സീറ്റുള്ള ബസ്സാണ് ഞാന്‍ ഓടിക്കുന്നത്

അതില്‍ എന്നും രണ്ട് ട്രിപ്പായിട്ട് ഞാന്‍ സ്റ്റാഫിനെ കൊണ്ടുവിടണം

ഉച്ചക്ക് അതെ പോലെ തിരിച്ചും കൂട്ടണം ................

കൂടുതലും ബംഗാളികളും നേപ്പാളികളമാണ് .....

ഫ്രെണ്ടില്‍ ഒരു ഡോര്‍ മാത്രമായത് കൊണ്ട് ഇവരെല്ലാം

എന്‍റെ മുഖത്ത് നോക്കിയേ കേരാറുള്ളൂ ....

സലാം ചൊല്ലാതെ ആരും കേരാറുമില്ല ...

ഇവരോടൊക്കെ സലാം മടക്കി ഞാന്‍ തളര്‍ന്നു പോകുന്നു ....

ഇന്ന് രാവിലെ ആരോടും ഞാന്‍ മടക്കി സലാം പറഞ്ഞില്ല ...

വലിയ വലിയ ഹോട്ടലിലെ ഡ്രൈവര്‍ മാര്‍

എയര്‍ പോര്‍ട്ടില്‍ ബോര്‍ഡും പിടിച്ച് നില്‍ക്കുമ്പോലെ.....

'വ അലൈകും സലാം 'എന്ന് അറബിയില്‍ എഴുതിയ
ഒരു ബോര്‍ഡും പിടിച്ച്

ഞാന്‍ ഡ്രൈവിംഗ്സീറ്റിലവിടെ ഇരുന്നു ......

ഞാനാരാ മോന്‍ ......എന്നോടാ കളി ......!!!!

തബ്ബാക്ക്

തംബാക്ക് ,,,, വെക്കുംതോറും തലക്ക് പിടിക്കുന്ന ഒരു മഹാ സാധനം

അലഞ്ഞിട്ടുണ്ട് അതും തേടി.....

കാണുന്നോരൊടൊക്കെ എരന്ന് വാങ്ങി വെക്കാറുള്ള എനക്ക്...

അന്നത് കിട്ടാതായപ്പോള്‍ ഒരു വെളിപാടുണ്ടാകുന്നു ....

എന്താ .......

ഹിന്തിക്കാരുടെ റൂമിലേക്ക്‌ വെച്ച് പിടിക്കാന്‍ ......
എന്തിനാ ......

ഇത്തിരി തംബാക്ക് വാങ്ങി വെക്കാന്‍

അഫ്സല്‍എന്ന് പേരുള്ള ആ തംബാക്ക് വാങ്ങാന്‍ ചെന്ന് പെട്ടത്

ഒരു വയസന്‍ സിംഹത്തിന്‍റെ മുറിയില്‍...........

ഉത്തരേന്ത്യക്കാരന്‍ ആലം നരസിംഷാ ആലം .........

മൂപ്പര് നല്ല ഫിറ്റാ...........

എന്താ സംഭവം !!!!!!!!

നല്ല എ ക്ലാസ് തംബാക്ക് ........

ആവശ്യം അറിയിച്ചു ...

ദക്ഷിണ വെക്കാന്‍ പറഞ്ഞു

ഇങ്ങനെ എരന്ന് വാങ്ങി അണ്ണിക്കുള്ളില്‍ വെക്കുന്നവന്‍റെ കയ്യില്‍ എന്താ ഉള്ളത് ,,,,,,,

ഏ,,ഹേ ഒന്നൂല്ല

മുംബെനിക്ക് തന്ന അണ്ണനെ മനസ്സില്‍ ധ്യാനിച്ച്‌

ചൂണ്ടന്‍ വിരല് കൊണ്ട് ചുണ്ടിനുള്ളില്‍ കിളിന്തി തോണ്ടിയെടുത്ത് കാണിച്ചു കൊടുത്തു

കണ്ടു തീര്‍ന്നില്ല ,,,,,,,,
എന്‍റെ കവിള് കൂട്ടി മുറുക്കിഇങ്ങനെ ഇങ്ങ് പിടിച്ചു !!!!!!!!!!!!!

ഈ ഞാന്‍ ഫ്ലാറ്റ് ..........

പിന്നെ കവിളിനുള്ളില്‍ തംബാക്കും കയ്യിലൊരു ഡപ്പയുമായി ദിവസങ്ങള്‍ ഒരു പാട് കഴിച്ചു കൂട്ടി .
.
ഒടുവില്‍ ഇന്നലെ നരസിംഷാ ആലത്തിന്‍റെ റൂം നമ്പര്‍ ഒന്ന് കൂടി പോയി ക്കണ്ട് ഓര്‍മ പുതുക്കി ........
എന്‍റെ ഉള്ളം കയ്യില്‍ അദ്ധേഹത്തിന്‍റെ ഡപ്പ ഒന്ന് കൂടി കമത്തി തന്നു....

ഇന്നും മുടങ്ങാതെ ഞാനത് വെക്കുന്നു .....

""തംബാക്കോം കി ,മേരാ സിന്തകി കോയി കബി നഹി ജാതാഹെ""

മൂക്ക് മുറിയന്‍


ഈ സംഭാവം നടന്നത് ഏതു വര്‍ഷമാണെന്ന് ചോദിച്ചാല്‍ ,,............
ഒരുമിനിട്ടേ ഒന്ന് ഓര്‍ത്തു നോക്കട്ടെ
92 ല്‍ പത്താം ക്ലാസ് 91 ല്‍ ഒമ്പതാം ക്ലാസ് ഒമ്പതിലും എട്ടിലും എത്ര കൊല്ലം വീതം കുത്തിയിരുന്നു എന്ന് ഓര്‍മിക്കുന്നതിനെക്കാളും....നല്ലത് എട്ടാം ക്ലാസില്‍ എത്തിയ ആദ്യത്തെ കൊല്ലം എന്ന് പറയുന്നതല്ലേ ......അതെ ഞാന്‍ ആദ്യമായി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം ....

എന്‍റെ അമ്മാവന്‍ ഗള്‍ഫീന്ന് വന്നെന്നറിഞ്ഞാണ് ഞങ്ങള്‍ എല്ലാരും എന്‍റെ ഉമ്മയുടെ തറവാട്ട് വീട്ടിലേക്കു പോയത് ...അന്നത്തെ ആ കൂടി ചേരല്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസിന്‌ ഒരു കുളിരാണ് ....ഏട്ടത്തിയുടെയും അനുജത്തിയുടെയും അമ്മാവന്‍ മാരുടെ യും ഒക്കെ മക്കളായിട്ട് ഞങ്ങള്‍ കുട്ടികള്‍ തന്നെയുണ്ടാകും ഒരു പത്ത് പതിനഞ്ചെണ്ണം ....അമ്മാവന്‍ കൊണ്ട് വന്ന പെട്ടി തുറക്കുമ്പോള്‍ വട്ടം കൂടുന്നതും ഓരോ സാധങ്ങളും ഇത് നിനക്ക് ഇതും നിനക്ക് എന്ന് പറഞ്ഞ് എടുത്തു തരുന്നതും വല്ലാത്തൊരു ഓര്‍മയായി മനസ്സില്‍ നില്‍ക്കുന്നു ....പിന്നെ അവന് കിട്ടിയ അതെ കളറുള്ള പെന്നും പെന്‍സിലും എനിക്ക് കിട്ടിയില്ലല്ലോ ....ഇങ്ങനെയുള്ള കുശുംബോക്കെ അന്നും ഉണ്ടായിരുന്നു

ഞാനിപ്പോള്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം അന്നൊക്കെ ഗള്‍ഫീന്ന് വരുന്നവരുടെ അവസ്ഥയാണ് ..ഓരോ വരവിനും എത്ര ഫാമിലി മെമ്പര്‍ മാരെയാണ് അവര്‍ തൃപ്തി പ്പെടുത്തി പ്പോന്നത് .....ഇന്ന് ഒരു വീട്ടില്‍ രണ്ടും മൂന്നും ഗള്‍ഫ് കാറില്ലാത്ത വീടില്ല ...അത് കൊണ്ട് തന്നെ കുടുംബത്തില്‍ പെട്ട മറ്റുള്ളവര്‍ക്കൊക്കെ സാധങ്ങള്‍ വീതിക്കുന്ന പതിവും ഇല്ല
എന്നിട്ടും നാം കൊണ്ട് പോകുന്ന സാധങ്ങള്‍ നമുക്ക് തികയുന്നില്ല ......
അന്ന് എന്‍റെ അമ്മാവന്‍ വന്നപ്പോള്‍ പലതും കിട്ടിയ കൂട്ടത്തില്‍ എടുത്തു പറയാനുള്ളത് ഒരു ഫേന്റ്സും ഷര്‍ട്ടുമായിരുന്നു .....

അങ്ങനെ ഞങ്ങള്‍ കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് ആ പുതിയ വലിയ കത്രിക എന്‍റെ കണ്ണില്‍ പെട്ടത് .....ഞാനത് കയ്യിലെടുത്തു...ബടാപ്പറത്തിന്‍ മേല്‍ കയറി നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ....കുട്ടികളെ എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കൂ ..ഞാനിതാ ഒരു മാജിക് കാണിക്കാന്‍ പോകുന്നു ....കുട്ടികള്‍ എല്ലാവരും എന്നിലേക്ക്‌ തിരിഞ്ഞു....ഞാന്‍ കത്രിക എന്‍റെ മൂക്കിന് നേരെ പിടിച്ചു എന്നിട്ട് പറഞ്ഞു എല്ലാവരും ശ്രദ്ധിച്ചു നോക്കണം ഞാനെന്‍റെ മൂക്ക് വെട്ടാന്‍ പോകുകയാണ് ...കുട്ടികള്‍ അമ്പരപ്പോടെ നോക്കി നിന്നു...എന്‍റെ ഉദ്ദേശം കുട്ടികളുടെ കണ്ണില്‍ പൊടിയിടാനെന്നോണം മൂക്കിന് അടുപ്പിച്ചു പിടിച്ച കത്രിക പെട്ടന്ന് പുറത്തോട്ട് വലിച്ച് വെട്ടുന്നത് പോലെ കാണിക്കാനായിരുന്നു .....അങ്ങനെ മാജിക്കിലേക്ക് കടന്നു
ഇതാ വെട്ടാന്‍ പോകുകയാനെ വെട്ടാന്‍ പോകുകയാനെ എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു കൊണ്ട് ഒറ്റ വെട്ട്...
മൂക്കിനെ ഒഴിവാക്കി വെട്ടാന്‍ ശ്രമിച്ച എന്‍റെ പണി പാളി
എന്‍റെ മൂക്കിന്റെ സുന പോയി ...കുട്ടികളുടെ മുന്നില്‍ ഞാന്‍ ചമ്മിപ്പാളീസായി

കുട്ടികള്‍ നാല് പാടേക്കും ചിതറി ഓടി മുജീക്ക മൂക്ക് വെട്ടി മുജീക്ക മൂക്ക് വെട്ടി എന്നും പറഞ്ഞ്...മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ തുറന്ന പോലെ രക്തം അണ പൊട്ടി ഒഴുകി ...ഉമ്മയും അമ്മാവനും അങ്ങനെ എല്ലാവരും വെപ്രാളതോടെ എന്‍റെ അടുത്തേക്ക് ഓടി വന്നു ....മൂക്ക് പൊത്തി പിടിച്ചിരുന്ന എന്‍റെ കൈ ഉമ്മ മെല്ലെ നീക്കി ..ഭാഗ്യത്തിന് കഷണം തെറിച്ചു പോയിട്ടില്ല ... നമ്മുടെ ബൈകിന്‍റെ പെട്രോള്‍ ടാങ്ക് ന്‍റെ ടോപ്‌ തുറക്കാന്‍ താക്കോല്‍ ഇടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്ന ഒരു സുനയില്ലേ ..അതെ മാതിരി എന്‍റെ മൂക്കിന്റെ മുന ഇങ്ങനെ ആടി കളിക്കുന്നു ....

അപ്പോഴേക്കും ജീപ്പ് വന്നിരുന്നു എന്നെ കൊണ്ടുപോകാന്‍ വേണ്ടി ..ജീപ്പില്‍ കേറ്റുന്നത്തിനിടയില്‍ എന്‍റെ ഉമ്മ എനിക്ക് ഒരു ഗ്ലാസ് വെള്ളം തന്നു .കുടിക്കുന്ന വെള്ളത്തിലേക്ക്‌ മൂക്കില്‍ നിന്നും ചോര ഉറ്റി വീണു .... അന്നെന്‍റെ ചോര ഞാന്‍ കുടിച്ചോ എന്ന് ചോദിച്ചാല്‍ ....കുടിച്ചു കാണും ......ജീപ്പ് നേരെ കുറ്റ്യാടി യിലേക്ക് വിട്ടു
തുന്നുന്ന നൂലിന്‍റെ മദുഹൊക്കെ പറഞ്ഞു കൊണ്ടാണ് ആലി ഡോക്ടര്‍ എന്‍റെ മൂക്ക് തുന്നിക്കെട്ടിയത്
പക്ഷെ അന്നത്തെ ആ മൂക്ക് വെട്ട് കൊണ്ട് എനിക്കൊരു ഗുണം കിട്ടി പിന്നീട് പാസ്പോര്‍ട്ട് എടുക്കുമ്പോഴും മറ്റും എനിക്കെന്‍റെ കുപ്പായം കഴിച്ച് എന്‍റെ ശരീരത്തിലെ കാക്ക പുള്ളികള്‍ തിരയേണ്ടി വന്നിട്ടില്ല

പിന്നെ മൂനാഴ്ച കഴിഞ്ഞാണ് ഞാന്‍ സ്കൂളിലേക്ക് പോകുന്നത്
പോകാന്‍ ചെറിയൊരു നിരാശ എന്താണെന്ന് വെച്ചാല്‍ മൂക്ക് ഉണങ്ങിയിട്ടുണ്ടെങ്കിലും മൂക്കിന്‍റെ തുമ്പത്ത് ഒരു പൊറ്റ മുഴച്ചു നില്‍കുന്നുണ്ടായിരുന്നു ..... എങ്കിലും അമ്മാവന്‍ തന്ന ഷര്‍ട്ടും പെന്റും ഇടണം ..പുതിയ ഹിറോ പെന്നും ഫോറിന്‍ ജോമട്രി ബോക്സും എല്ലാം കുട്ടികളെ കാണിക്കണം ഇതൊക്കെ ഓര്‍ത്തപ്പോള്‍ പോകാന്‍ ഉത്സാഹം കൂടി ...പുതിയ ഷര്‍ട്ടും പെന്റും ഇട്ടപ്പോള്‍ എനിക്കൊരു മോഹം ഒന്ന് ഇന്‍ സൈഡ് ആക്കിയാലെന്താണെന്ന് ....അങ്ങനെ ആദ്യമായി ഇന്‍ ചെയ്ത വേഷത്തില്‍ ഞാന്‍ സ്കൂളിലേക്ക് പോയി

''ട്ടോ'' മാഷായിരുന്നു അന്ന് ഞങ്ങളുടെ ക്ലാസ് മാഷ്‌ മൂപ്പര്‍ക്ക് ആ പേരിട്ടത് B B C യുടെ തലവനായ ഞാന്‍ തന്നെയായിരുന്നു ..ഈ ബി ബി സി എന്ന് പറഞ്ഞാല്‍ ബേക്ക് ബെഞ്ച്‌ കമ്പനി ...
ഹിന്തിയായിരുന്നു മൂപ്പരുടെ സബ്ജക്റ്റ് എപ്പോഴും ക്ലാസില്‍ വന്നാല്‍ മൂപ്പര് അഞ്ച്പത്ത് വെടി പൊട്ടിക്കും 'ട്ടോ' 'ട്ടോ' 'ട്ടോ' 'ട്ടോ'
ഈ വെടി പൊട്ടുന്നതിന്അനുസരിച്ചു ഞങ്ങള്‍ എണീക്കുകയും ഇരിക്കുകയും ചെയ്യണം ...മൂപ്പര് 'ഉട്ടോ' 'ബൈട്ടോ' പറയുകയാണെങ്കിലും ആ 'ഉ' യും 'ബൈ' യും ശെരിക്കിങ്ങു കേള്‍ക്കാറില്ല ...വെറും 'ട്ടോ' 'ട്ടോ' മാത്രമേ കേള്‍ക്കൂ ...അങ്ങനെയാണ് മാഷിന് ആ പേര് വീണത്‌ ..

എന്താണെന്നറിയില്ല അന്ന് ഞാന്‍ ക്ലാസില്‍ എത്തുമ്പോഴേക്കും ബെല്ലടിച്ചു പോയിരുന്നു ...അതുകൊണ്ട് തന്നെ ഞാന്‍ ക്ലാസ് റൂമിന്‍റെ പടിക്കല്‍ വന്നു നിന്നു...കുറച്ചു സമയത്തെ പണിഷ്മെന്റ് ന് ശേഷം മാഷെന്നെ ക്ലാസിലേക്ക് വിളിച്ചു .....
ഇതെന്തു പറ്റി ..? എന്തോന്നാ അവിടെ മുഴച്ചു നില്‍ക്കുന്നത് ? ക്ലാസിലേക്ക് കയറി ചെല്ലുന്ന എന്‍റെ മൂക്ക് നോക്കിയാണ് മാഷിത് ചോദിച്ചതെങ്കിലും തിരിഞ്ഞ് നോക്കിയ കുട്ടികള്‍ എല്ലാവരും നോക്കിയത് മറ്റൊരു മുഴയിലെക്കായിരുന്നു ....ആദ്യമായി ഇന്‍ ചെയ്തത് കൊണ്ട് രൂപാന്തരം പ്രാപിച്ച ആ മുഴയിലേക്ക് ....അതുകൊണ്ടാണ് ക്ലാസില്‍ കൂട്ട ചിരി പടര്‍ന്നതും ഞാനവരുടെ മുന്നില്‍ ചമ്മിപ്പോയതും ...................
ഇന്നിപ്പോള്‍ ഈ കഥ നിങ്ങളോട് പറഞ്ഞു ഞാന്‍ നിങ്ങളുടെ മുന്നിലും ചമ്മി ....
എന്ത് ചെയ്യാന്‍ ....ചമ്മി ച്ചമ്മി ചമ്മാനായി എന്‍റെ ജീവിതം പിന്നെയും ബാക്കി.....................................................

വിട പറയല്‍

ഞാനിപ്പോഴും ഓര്‍ക്കുന്നു ആ ദിവസത്തെ ...
രണ്ടായിരത്തി ആറ് ജൂണ്‍ ഇരുപത്തി മൂന്ന് ഞാന്‍ ആദ്യമായി പ്രവാസത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്ന നിമിഷം
ആദ്യത്തെ പോക്കായത് കൊണ്ട് തന്നെ ഒത്തിരി പേരുണ്ട് വീട്ടില്‍ ബന്തുക്കളും ഫ്രെണ്ട്സും ഒക്കെയായി .....അങ്ങനെ ധാരാളം പേര്‍ .
എല്ലാരുടെ മുഖത്തും മൂക വിഷാദം തളം കെട്ടി നില്‍ക്കുന്നു ...
എല്ലാം ഉള്ളിലൊതുക്കി ഞാനും വീട്ടില്‍ നിന്നും ഇറങ്ങാനൊരുങ്ങി
അപ്പോഴാണ്‌ അവന്‍ എന്‍റെ വലതു കൈക്ക് കേറി പിടിച്ചത് ...
അവനെ കൂട്ടാതെ പോകാന്‍ എന്‍റെ മനസ് എന്നെ അനുവദിച്ചില്ല ..
അവന്‍ എന്‍റെ കയ്യും ഞാന്‍ അവന്‍റെ കയ്യും മുറുകെ പിടിച്ചു ...അങ്ങനെ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ...

അവനെ ശരിക്കും സൂക്ഷിക്കണേ എന്നും പറഞ്ഞ് ഒപ്പം വന്ന ഇക്കാക്കയും ഡ്രൈവറും എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര പറഞ്ഞു തിരിച്ചു പോയി .....പിന്നെ എനിക്ക് കൂട്ടിന് അവന്‍ മാത്രം

കുവൈറ്റില്‍ എത്തി എന്‍റെ അതെ റൂമില്‍ തന്നെ നല്ലൊരു ഇടം അവനും കണ്ടെത്തി ...ദിവസങ്ങളും മാസങ്ങളും കടന്നുപോയി എന്‍റെ എല്ലാ ദുക്കങ്ങളിലും സന്തോഷങ്ങളിലും ഒരു മൂക സാക്ഷിയായി എന്‍റെ ഒപ്പം അവനും ദിവങ്ങള്‍ കഴിച്ചു കൂട്ടി ....
രണ്ട് വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല ,,,,, എനിക്ക് രണ്ട് മാസത്തേക്ക് പരോള്‍ കിട്ടി ..റൂമില്‍ നിന്നും ഞാനിറങ്ങുന്നതിനു മുമ്പ് തന്നെ എന്‍റെ സമ്മതം പോലും ചോദിക്കാതെ അവന്‍ കാറില്‍ കേറി സ്ഥാനം പിടിച്ചിരുന്നു ...

കോഴിക്കോട് വന്നിറങ്ങി പുറത്തേക്ക് വന്നപ്പോഴും അവനെന്‍റെ കൈ വിട്ടു പോകാതിരിക്കാന്‍ ഞാന്‍ ഒരു പാടു ശ്രദിച്ചു ....എന്നെ സ്വീകരിക്കാന്‍ വന്ന ഇക്കാക്കയെ കണ്ടപ്പോള്‍ അവന്‍ സന്തോഷതോടെ തുള്ളി ചാടി ...,,,,ഇക്കക്ക വന്നു അവന്റെ കൈക്ക് പിടിച്ചു ...അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു ......

ഇവിടെ ഞങ്ങളുടെ ബെഡ് റൂമില്‍ തന്നെ അവനും സ്ഥാനം പിടിച്ചു അവന് എന്നെ പിരിയാന്‍ തോനിയില്ല ..അതുപോലെ എനിക്കവനെയും ...എന്‍റെ പ്രിയതമയ്ക്കും അവനോട് ഇഷ്ടക്കെടോന്നും തോനിയില്ല ...പക്ഷെ വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അവന്‍ ബെഡ് റൂമില്‍ കേറിയത് അത്ര ഇഷ്ടമായെന്ന് തോനിയില്ല ........

എന്‍റെ ലീവ് തീരാറായി .....തിരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ..അപ്പോഴാണ്‌ ഇക്കാക്ക ആ കാര്യം പറഞ്ഞത് ...ഇപ്പ്രാവശ്യം പോകുമ്പോള്‍ ഇവനെ കൂടെ കൂട്ടണ്ട ....!!! ഞാനും അവനും അത് കേട്ട് ഞെട്ടി ...അവന്‍റെ കൈ മുറുകെ പിടിച്ചു കൊണ്ട് തന്നെ ..ഞാനിക്കാക്കാനോട് ചോദിച്ചു ,,,, എനിക്ക് ആകെ ഒരാശ്വാസം ഇവന്‍ കൂടെയുള്ളതാണ് ...ഇവനില്ലാതെ ഞാനെങ്ങനെ പോകും ...?
ഇത് കേട്ടതിന് മറുപടി എന്നോണം ഇക്ക പറഞ്ഞു ....."ഇപ്പൊ സൂട്ട് കേയ്സോക്കെ ഔട്ടോ ഫാഷനാ .....ട്രോളി ബെഗാ എല്ലാരും കൊണ്ട് പോകുന്നെ" ........ഞാനൊന്നും മിണ്ടിയില്ല എന്ത് ചെയ്യാനാ കാലത്തിനൊത്ത് കോലം കെട്ടണ്ടേ...................

മുപ്പത്തി മൂന്നേ പത്ത്

രണ്ടായിരത്തി രണ്ടിലെ ഒരു മെയ് മാസം ...
അന്നാണ് ഞാന്‍ ആദ്യമായി ഒരു പെണ്ണ് കെട്ടിയത് ,,, അതിനു മുബെ കെട്ടണം എന്ന പൂതിയൊക്കെ ഉണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാനാ എന്‍റെ മുന്നില്‍ ഓടിക്കൊണ്ടിരുന്ന ഒരു പുല്ലും വണ്ടി സൈഡ് തന്നത് രണ്ടായിരത്തി ഒന്നിലാ .... അല്ലങ്കില്‍ അതിലും മുന്നേ കെട്ടിയെനെ ...പിന്നെ ഈ ദിവസം വരെ വേറെ കെട്ടിയിട്ടില്ലട്ടോ ....പൂതി ഇല്ലാഞ്ഞിട്ടല്ല ഓള് സമ്മതിക്കാഞ്ഞിട്ടാ ..,,,,,,,,,,,,,,,

അങ്ങനെ ദാമ്പത്യത്തിന്‍റെ പുതു മോടിയില്‍ നില്‍ക്കുന്ന സമയം ...ആ സമയത്താണ് എനിക്കവനെ കിട്ടുന്നത് വെളുത്തു സുന്ദരനായ ഒരു കുഞ്ഞിമ്മോന്‍ ...മുപ്പത്തി മൂനേ പത്തെന്നാ അവന്‍റെ പേര് .. അവനെ കിട്ടിയത് എങ്ങിനെയാണെന്ന് ഞാന്‍ പറയുന്നില്ല കാരണം പറഞ്ഞാല്‍ നിങ്ങള്‍ പറയും സ്ത്രീധനം കിട്ടിയതാണെന്ന് ....

കുറച്ചു നാള്‍ ഞാനിത് പോക്കറ്റില്‍ ഇട്ടു കൊണ്ട് നടന്നു അപ്പോഴാണ്‌ അനസ് അത് പറഞ്ഞത് നീ ഇങ്ങനെ ആനയില്ലാതെ തോട്ടിയും ചോല്ല് വെച്ച് നടന്നിട്ട് കാര്യെല്ല ചങ്ങായി ...ഇഞ്ഞൊരു ഫോട്ടോം അയിമ്പത് ഉറ്പ്പ്യേം കൊണ്ടത്താ ,,,ഞാന്‍ സിം ശരിയാക്കി തരാമെന്ന്...അങ്ങനെ അവന്‍ b s n l ന്‍റെ സിം കാര്‍ഡ് കൊണ്ടത്തന്നു ....നമ്പര്‍ 9447.............

ഞമ്മള് ഇന്ന് കാണുന്ന തെങ്ങും തോട്ടം പോല്യോന്നും അന്ന് ടവര്‍ ഇല്ലട്ടോ
ഈ ടവറിന്‍റെ കരവലയതിനുള്ളില്‍ ഒന്ന് പെടണമെങ്കില്‍ വടകര്യോ കോയിക്കൊടോ പോണം ....അല്ലങ്കില്‍ കുറ്റ്യാടി ചുരത്തുംമല്‍ പോണം പക്ഷെ അങ്ങോട്ട്‌ ആവശ്യമില്ലാതെ പോകുന്നത് കണ്ടാല്‍ ആളുകള്‍ എഴുതാപ്പുറം വായിക്കും ...പിന്നെ അടുത്ത് വടകര തന്നെ ....

ഒരു ദിവസം ,,,,,,,,അതിന്‍റെ പിറ്റേ ദിവസം എനിക്ക് വടകര പോകേണ്ട ആവശ്യം ഉണ്ടായിരുന്നു ...അങ്ങിനെ ഞമ്മളെ മൊയ്തൂക്കാന്റെ പച്ചക്കറി പീട്യേടെ മുന്നിലെ S T D ബൂത്തിലെ പെണ്ണോട് ഒരു പത്തുര്‍പ്യ കൊടുത്ത്കൊണ്ട് ഞാന്‍ പറഞ്ഞു (ഓളെന്‍റെ നല്ല ഒരു പരിചയക്കാരി ) ഇഞ്ഞെന്‍റെ മൊബൈല്‍ നമ്പരില്‍ നാളെ ,,ഒന്ന് രണ്ടൂടി ഒന്ന് വിളിക്കണേ ...നാലാളുടെ മുന്നില്‍ ഞാനും ഒന്ന് ഷയിന്‍ ചെയ്യട്ടെ ...ഓള് നൂറ് ശതമാനം അതിന്സമ്മതം മൂളി .....

''എല്ലാന്ന് ഇങ്ങളല്ലേ പറഞ്ഞത് ഇങ്ങക്കിന്ന് വടെര പോണം ന്ന് ...എന്നിട്ട് എണീക്കിണില്ലേ.....'' ഇതും പറഞ്ഞു കൊണ്ടാണ് ഭാര്യ എന്നെ വിളിച്ചുണര്‍ത്തിയത് .....ഞാന്‍ പല്ല് തെക്കുന്നതിനിടയില്‍ അവളെന്നോട് വീണ്ടും '' ഞമ്മളെ കല്ല്യാണം കയ്ഞ്ഞിട്ടു ഒരു മാസം കയ്ഞ്ഞില്ലേ ....ഇങ്ങളെന്ന ഇത് വരെ ഏടേം കൂട്ടിക്കില്ലാലോ അത് കൊണ്ട് ഇന്ന് വടകര പോകുമ്പോള്‍ ഞാനും പോന്നോട്ടെ ....? " ഉമ്മയുടെ സപ്പോര്‍ട്ടും കൂടിയായപ്പോള്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു

പറഞ്ഞു പറഞ്ഞു നമ്മളെ കഥാ നായകനായ മുപ്പത്തി മൂന്നേ പത്തിന മറന്നു പോയി ...
വടകര എത്തിയ ഞങ്ങള്‍ ,,,, ആദ്യമായി ഒരു കുഞ്ഞുവാവയെ കിട്ടിയ ദമ്പതികളെ പോലെ തന്നെ അവനെ താലോലിക്കാന്‍ മത്സരിച്ചു ...കുറച്ചു സമയം എന്‍റെ കയ്യില്‍ പിടിക്കുമ്പോള്‍ അവള്‍ പറയും ഇനി കുറച്ചു സമയം ഞാന്‍ പിടിക്കാം ,,,,,

ഞങ്ങള്‍ ഹോട്ടലില്‍ കേറി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആ മൊബൈലില്‍ ഒരു കോള്‍ വരുന്നത് ..
നിലവിളിച്ചു കരയുന്ന കുഞ്ഞുവാവയെ എടുക്കാന്‍ കാണിക്കുന്ന ഒരമ്മയുടെ അതെ ഉത്സാഹത്തോടെ മൊബൈല്‍ കയ്യിലെടുത്ത് എന്‍റെ ഭാര്യ ആ കോള്‍ അറ്റന്റ് ചെയ്തു ,,,,,,ഹലോ എന്ന് ചോദിച്ചു കുറച്ചു കഴിഞ്ഞേയുള്ളൂ
സൈക്കള്‍ പമ്പ് വെച്ച് കാറ്റടിച്ച ബലൂണ്‍ പോലെ അവളുടെ മുഖം വീര്‍ത്തു വന്നു ....എനിക്ക് കാര്യം പെട്ടന്ന് മനസിലായില്ല ...അവള്‍ എന്‍റെ മടിയിലേക്ക്‌ മൊബൈല്‍ വലിച്ചെറിഞ്ഞു.... ഞാന്‍ മെല്ലെ എടുത്തു കൊണ്ട് ചോദിച്ചു ,,
''ഹലോ .....''
''മുജീക്കാ ഇത് ഞാനാ ബൂത്തിലെ റിമി ,,,,,,നിങ്ങള്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്ക്യാ ....'' അങ്ങേ തലക്കലെ ആ ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി ....എന്‍റെ കെട്ടിയോളുടെ നോട്ടമാനെങ്കില്‍ എന്‍റെ കണ്ണിലേക്കു തന്നെ ....കുറച്ചു സമയത്തേക്ക് ഞാന്‍ ,,.......... കോളാമ്പി പോലും ഇല്ലാത്ത സ്ഥലത്ത് നിന്ന്മുറുക്കാന്‍ മുറുക്കിയവനെ പ്പോലെ ആയിപ്പോയി ...വാ തുറന്നു ഒന്നും പറയാന്‍ കഴിഞ്ഞില്ല ....
പിന്നെ എങ്ങിനെയൊക്കെയോ ഒരു വിധം സംസാരിച്ചു ഫോണ്‍ വെച്ചു .....

ഞാനെന്‍റെ പ്രിയതമയെ പറഞ്ഞു മനസിലാക്കാന്‍ ഒരു പാടു ശ്രമിച്ചു നോക്കി ,,,,,,നീ വിചാരിക്കുന്നത് പോലെയൊന്നും അല്ലടി ....നമുക്ക് ആദ്യമായി കിട്ടിയ മൊബൈലില്‍ ആരും വിളിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ ജോലി ചെയ്യുന്ന കടയുടെ മുന്നിലുള്ള ബൂത്തിലെ പെണ്ണോട് പറഞ്ഞു പോയതാ ....ഇങ്ങനെ ഒന്ന് വിളിക്കാന്‍ ......
ഞാന്‍ എന്ത് പറഞ്ഞു നോക്കിയിട്ടും അവളുടെ മുഖം വീര്‍ത്തു വീര്‍ത്തു വരികയല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല ....
പിന്നെ വീട്ടില്‍ എത്തുന്നത് വരെ ആ മുഖം വീര്‍ത്തു തന്നെ ഇരുന്നു ...
പിന്നീടെപ്പോഴാണാവോ ആ ബലൂണിലെ കാറ്റൊഴിഞ്ഞതെന്ന് എനിക്ക് കൃത്യമായി ഓര്‍മയില്ല........................

(വാല്‍കഷ്ണം ഇല്ല ,,,,മറിച്ച് ഒരു ഐദിഹ്യം ഉണ്ടായി ,,,,,,അന്ന് മുതലാണ്‌ ഭര്‍ത്താക്കന്‍മാരുടെ മൊബൈലിലേക്ക് വരുന്ന സ്ത്രീ ശബ്ദത്തെ ഭാര്യമാര്‍ വെറുക്കാന്‍ തുടങ്ങിയത് )

ഒരച്ഛന്‍റെ വിലാപം


എനിക്കന്ന് ഉണ്ണി പിറന്നപ്പോള്‍ ഞാനന്ന് നെട്ടോട്ടമോടി
ഒരു ന്യൂ ജനറേഷന്‍ പേര് കണ്ടെത്തി ഞാനവനെ വിളിച്ചു

എന്‍റെ വായില്‍ പോലും കൊള്ളാത്ത എന്തോ ഒരു പേര്
ഇന്നവന്‍ പഠിച്ചു പഠിച്ചു കുരുത്തക്കേടെല്ലാം പഠിച്ചു

പഠിപ്പിച്ച ഞാന്‍ മുടിഞ് മുടിഞ്ഞു മുട്ടോളം മുടിഞ്ഞു

അന്നവന് ഞാന്‍ കുമാരനെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവന്‍ ഒരു തെങ്ങ് കയറ്റക്കാരനെങ്കിലുമായേനെ

അന്നവന് ഞാന്‍ അമ്മദെന്നു പേരിട്ടിരുന്നെങ്കില്‍
ഇന്നവന്‍ ഒരു മീങ്കാരനെങ്കിലുമായേനെ

അന്നവന് ഞാന്‍ രാജനെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു ടയിലറെങ്കിലുമായേനെ

അന്നവന് ഞാന്‍ പോക്കറെന്നു പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു പോര്‍ടറെ ങ്കിലുമായേനെ

അന്നവന് ഞാന്‍ നാണുവെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു കൈക്കോട്ട് കാരെനെങ്കിലുമായേനെ

അന്നവന് ഞാന്‍ ജോസെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു റബറ് വെട്ടുകാരനെങ്കിലുമായേനെ

അന്നവന് ഞാന്‍ ശങ്കരനെന്നു പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു മൌക്കാരനെങ്കിലുമായേനെ

അന്നവന് ഞാന്‍ മുജീബെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു ഡ്രൈവറെ ങ്കിലുമായേനെ ......

പ്രണയം വന്ന വഴി


എന്‍റെ പത്താം ക്ലാസിലെ അവസാന കാലഘട്ടം ..അന്നൊക്കെ പുതിയ പുതിയ മാപ്പിള പാട്ടിന്‍റെ കേസറ്റുകള്‍ എനിക്ക് തന്നിരുന്നത് കൂടെ പഠിക്കുന്ന അലിയായിരുന്നു ..ഞാന്‍ കൊണ്ട് പോയി കേള്‍ക്കും രണ്ടും മൂന്നും ദിവസം കഴിഞ്ഞ് തിരിച്ചു കൊടുക്കും .....

''പൊന്നു സഖി ഏതിനാ പിണക്കമെന്നോടെന്തിനാ''.........

''നാത്തൂന്‍ മാരെ എന്‍റെ നാത്തൂന്‍ മാരെ'' ....

തുടങ്ങിയ ഇന്ന് കേള്‍ക്കുമ്പോള്‍ ചളി എന്ന് തോനുന്ന അന്നത്തെ ഹിറ്റ് ഗാനങ്ങള്‍ ..അങ്ങനെ എല്ലാ പുതിയ പാട്ടും അലിയുടെ അടുത്ത് ആദ്യം എത്തുമായിരുന്നു ....അവനായിരുന്നു എന്‍റെ ഉറ്റ ചങ്ങാതിയും ............

വര്‍ഷാവസാനമായാത് കൊണ്ട് തന്നെ ഓട്ടോഗ്രാഫ് എഴുത്തും കാര്യങ്ങളുമൊക്കെ തകിര്‍ദിയായി നടക്കുന്നു ....

പിന്നെ എല്ലാവരെയും പോലെ തന്നെ ക്ലാസിലെ കാണാന്‍ മൊഞ്ചുള്ള പെണ്‍കുട്ടികളോടൊക്കെ വണ്‍ വേ പ്രേമം മനസ്സില്‍ കൊണ്ട് നടക്കുന്ന സ്വഭാവം എനിക്കും ഉണ്ടായിരുന്നു ...

അന്നൊരു ദിവസം അലിക്ക് തിരിച്ചു കൊടുക്കാന്‍ കൊണ്ട് വന്ന കേസറ്റ് കണ്ടിട്ടാവാം അവളെന്നോട് ചോദിച്ചത് ...

അതേതാ ആ കേസറ്റ് ?

ഇത് പുതിയ മാപ്പിള പാട്ടാ.... ഞാന്‍ മറുപടി പറഞ്ഞു

എന്നാല്‍ ഇന്നതെനിക്ക് തരുമോ...?
ഞാന്‍ കേട്ടിട്ട് നാളെ തിരിച്ചു തരാം

ഇത് കേട്ട എന്‍റെ മനസ്സില്‍ സന്തോഷം കൊണ്ട് എന്തൊക്കെയോ പൊട്ടി ...(അന്നീ ലഡ്ഡു പൊട്ടുന്ന ഏര്‍പ്പാട് തുടങ്ങിയിട്ടില്ലായിരുന്നു ....) കാരണം എന്‍റെ വണ്‍വേ പ്രേമത്തില്‍ പെട്ട ഒരു കുട്ടി അവളായിരുന്നു

ഞാന്‍ പറഞ്ഞു ...

ഓ.. നീ കൊണ്ടുപൊയ്ക്കോ ..നാളെയോ മറ്റന്നാലോ തിരിച്ചു തന്നാ മതി

പിന്നീട് പിന്നീട് ഞാനതൊരു ശീലമാക്കി ,,അവള്‍ ചോദിക്കാതെ തന്നെ അവള്‍ക്കു കേസറ്റ് കൊടുക്കാന്‍ തുടങ്ങി ...കുശുംബ് തോനിയ അലി എനിക്ക് കേസറ്റ് തരുന്നത് നിര്‍ത്തലാക്കിയപ്പോള്‍ ഞാന്‍ കാശ് മുടക്കി വാങ്ങാന്‍ തുടങ്ങി .....
പക്ഷെ എന്നിട്ടൊന്നും ഇവളോടുള്ള എന്‍റെ മുഹബ്ബത് എനിക്ക് പറഞ്ഞറിയിക്കാന്‍ ദൈര്യമില്ലായിരുന്നു ...അപ്പോഴാണ്‌ എന്‍റെ മനസ്സില്‍ ആ ഒരു ബള്‍ബ് കത്തിയത് ..അവള്‍ക്കു കൊടുക്കുന്ന കേസട്ടില്‍ എന്‍റെ പ്രേമ അഭ്യര്‍ത്ഥന നടത്താം.........

രാത്രി വീട്ടില്‍ എല്ലാവരും `ഉറങ്ങിയ സമയം ...ടേപ്പ് റിക്കൊഡിന്‍റെ റിക്കോഡ്‌ ബട്ടണ്‍ അമര്‍ത്തി ഞാനെന്‍റെ മനസ് തുറന്നു

എന്‍റെ സുര്‍മീ.........

ഞാന്‍ നിന്നെ ഒരുപാടോരുപാട് ഇഷ്ടപ്പെടുന്നു

നീയെന്‍റെ ശ്വാസമാണ് ....നീ എന്‍റെ ഖല്‍ബാണ് ....

നീ എന്നോട് മിണ്ടാനും പറയാനും തുടങ്ങിയത് മുതല്‍
എനിക്ക് കിടാന്നാല്‍ ഒറക്കം വരാറില്ല ...

എന്‍റെ ഈ പ്രണയം നിന്നെ അറിയിക്കാന്‍ ഞാന്‍ ഒരുപാട് എഴുത്തുകള്‍ എഴുതിയിരുന്നു ...പക്ഷെ എന്‍റെ പേടി കൊണ്ട് ഇത് വരെ ഒന്നും തരാന്‍ കഴിഞ്ഞില്ല

എല്ലാ പെണ്‍കുട്ടികളും എന്‍റെ ഓട്ടോ ഗ്രാഫില്‍ ഓള്‍ ദി ബെസ്റ്റ് എന്ന മൂന്ന് വാക്ക് മാത്രം ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ നീ മാത്രമായിരുന്നു ഇങ്ങനെ എഴുതിയത്

നീ എന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല
ജീവിതത്തിന്‍റെ തിരക്കിനിടയില്‍ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാല്‍ ഒന്ന് പുഞ്ചിരിക്കാന്‍ മറക്കരുതേ .....

ഇങ്ങനെയൊക്കെ നീ എഴുതിയത് കണ്ടപ്പോള്‍ നിനക്ക് എന്നെയും ഇഷ്ടമാണെന്ന് ഞാന്‍ കരുതിപ്പോയി ....

എന്‍റെ ഖല്‍ബെ ഇത് കേട്ടിട്ടെങ്കിലും നീ നിന്‍റെ മനസൊന്നു തുറക്കൂ ......

നിന്‍റെ മറുപടിക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു......

ഇങ്ങനെ വായില്‍ തോനിയ എന്തൊക്കെയോ ഞാനതില്‍ റിക്കോഡ്‌ ചെയ്തു

s s l c പരീക്ഷ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പുള്ള ഒരു ദിവസം ...
ഞാനിതില്‍ എന്‍റെ ഹൃദയം തുറന്നിട്ടുണ്ടെന്നോന്നും പറയാതെ എന്നും കേസറ്റുകള്‍ കൊടുക്കാറുള്ള പോലെ അന്നും ആ കേസറ്റ് ഞാനവള്‍ക്ക് കൊടുത്തു ..
അവളത് വീട്ടില്‍ കൊണ്ടുപോയാല്‍ തനിചിരുന്നാണോ കേള്‍ക്കുക അതോ വീട്ടിലുള്ള എല്ലാവരും ഒരുമിച്ചാണോ കേള്‍ക്കുക എന്നൊന്നും ഈ പ്രണയ ഭ്രാന്തന്‍ ഓര്‍ത്തില്ല .....

പിറ്റേന്ന് ആ അധ്യായന വര്‍ഷത്തെ അവസാന ദിവസം...
ഞാന്‍ പതിവിലും നേരത്തെ സ്കൂളിലേക്ക് പോയി ...ഉള്ളില്‍ ചെറിയൊരു ചഗ്ഗിടിപ്പോടെ ..........
ക്ലാസില്‍ വെല്ലടിക്കാറായിട്ടും അവളെ മാത്രം കാണുന്നില്ല ഇനിയെങ്ങാനും ഇതവള്‍ വീട്ടില്‍ പറഞ്ഞു കുലുമാലാക്കിയോ.....
എനിക്കെന്‍റെ പേടി കൂടിക്കൂടി വന്നു ....

അപ്പോഴാണ്‌ ഒരു കുട്ടി ക്ലാസില്‍ വന്നു പറയുന്നത് മുജീബിനെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിക്കുന്നെന്ന് ...ഞാനതേ ചഗ്ഗിടിപ്പോടെ സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി ....ടീച്ചേഴ്സ് എല്ലാവരുമുണ്ട് സ്റ്റാഫ്‌ റൂമില്‍,,, കൂട്ടത്തില്‍ അവളെയും കണ്ടപ്പോള്‍ ഞാന്‍ പേടിച്ചത് തന്നെ സംഭവിച്ചു എന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചു ....
എന്നോടൊന്നും ചോദിക്കാതെ തന്നെ കുഞ്ഞിരാമന്‍ മാഷ്‌ അവിടെയുള്ള ടേപ്പ് റിക്കോഡര്‍ ഓണ്‍ ചെയ്തു .....

എന്‍റെ സുര്‍മീ ......

ഞാന്‍ നിന്നെ ഒരുപാടോരുപാട് ഇഷ്ടപ്പെടുന്നു

നീയെന്‍റെ ശ്വാസമാണ് ..നീ എന്‍റെ ഖാല്‍ബാണ് ...

നീ എന്നോട് മിണ്ടാനും പറയാനും തുടങ്ങിയത് മുതല്‍
എനിക്ക് കിടാന്നാല്‍ ഒറക്കം വരാറില്ല ........................

തുടങ്ങി ഞാനതില്‍ പറഞ്ഞതെല്ലാം മുഴുവന്‍ ടീച്ചേഴ്സും കേട്ടു..
എല്ലാവരുടെയും നോട്ടം എന്‍റെ മുഖത്തേക്ക് ....
ഞാനവരുടെ മുന്നിലും പ്രത്യേകിച്ച് അവളുടെ മുന്നിലും ചമ്മി
ഈ ചമ്മല്‍ എനിക്കൊരു പുത്തരിയല്ലെങ്കിലും അന്നത്തെ ആ ചമ്മല്‍ വല്ലാതെ മനസ്സില്‍ കൊണ്ടു ....
പിന്നീടായിരുന്നു കുഞ്ഞിരാമന്‍ മാഷുടെ ചൂരല്‍ പ്രയോഗം

''മീശ കിളിര്‍ത്തില്ല അപ്പോഴേക്കും അവന്‍റെ ഒരു ലവ് സ്റ്റോറി ''

തുടങ്ങിയ ഡയലോങ്ങോടു കൂടിയായിരുന്നു അടി
ആ ഓരോ അടിയും എന്‍റെ കൈ വെള്ളയില്‍ വീഴുംതോറും ഞാനവളുടെ കണ്ണിലേക്ക് തന്നെ നോക്കി ...ഇനി വല്ല സഹതാപ തരങ്കവും അവളുടെ മനസ്സില്‍ കേറിയാലോ എന്നോര്‍ത്ത് .......

അന്ന് ആ അടി എത്ര കിട്ടിയെന്ന് എനിക്കോര്‍മയില്ല ....

എല്ലാം കഴിഞ്ഞു അന്ന് സ്കൂളില്‍ നിന്നും യാത്ര പറയുമ്പോള്‍ അവള്‍ എന്നെ വല്ലാത്തൊരു നോട്ടം നോക്കിയിരുന്നു ......
പിന്നെ അവള്‍ എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാനും നോക്കി നിന്നു..............................................................!!!!!!!!!!

ഈ കഥ ഞാനിപ്പോള്‍ നിങ്ങളോട് പറഞ്ഞു

ഇനിയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഞാനിതെ കഥ എന്‍റെ പേരക്കുട്ടിയോട്‌ പറയും
അപ്പോള്‍ അവന്‍ എന്നോട് ചോദിക്കും

ഉപ്പാപ്പാ ....ഉപ്പാപ്പ ...പിന്നെ ആ ഖല്‍ബിനെ ഉപ്പാപ്പ കണ്ടിട്ടില്ലേ ..?

അപ്പൊ ഞാനിതിന് അവനോടൊരു മറുചോദ്യം ചോദ്യം ചോദിക്കും

അന്നത്തെ ആ ഖല്‍ബ് ആരാന്നറിയോ എന്‍റെ മോന് ..?

അത് കേട്ട് ഉത്സാഹത്തോടെ അവന്‍ ,,,,
ഇല്ലുപ്പാപ്പാ .....ഇങ്ങള് പറ .....

അങ്ങനെ ഞാനത് പറയും ......

ഇതാ.... ഈയിരിക്കുന്ന നിന്‍റെ ഈ ഉമ്മാമയായിരുന്നു .....
അന്നത്തെ എന്‍റെ ആ ഖല്‍ബ് ......................................( ശുഭം )

( ......ഉസ്താദ് ഹോട്ടല്‍ ഞാന്‍ കണ്ടിട്ടില്ല )

കൊടും പാതകം

ഒരു പ്രാണിയെ പോലും

ഉപദ്രവിക്കാത്ത

എന്‍റെ കൈ കൊണ്ട് അത് സംഭവിച്ചല്ലോ

എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം ....

ഒരു കത്തിക്കരിഞ്ഞ മണമാണ് ആദ്യം വന്നത്

ഞാന്‍ ദ്രിതിപ്പെട്ടുനോക്കുമ്പോള്‍

ഒന്നല്ല രണ്ട് ജീവന്‍

വെന്തുപോയിരിക്കുന്നു

അടുത്തൊന്നും ആരും ഇല്ലാത്തത് കൊണ്ട്

വേറെ ആരും അറിഞ്ഞില്ല

ഇന്ന് രാവിലെയായിരുന്നു

ആ സംഭവം നടന്നത് ...ഹോ ..

ആലോചിക്കാന്‍ കഴിയുന്നില്ല ......

ഞാനെന്‍റെ ഷര്‍ട്ട്‌ ഇസ്തിരിയിടുകയായിരുന്നു ...

കോട്ടന്‍റെ ഷര്‍ട്ടായത് കൊണ്ട് തന്നെ

ഇസ്തിരി പെട്ടിക്ക് നല്ല ചൂടും

ഉണ്ടായിരുന്നു .....

അടി ഭാഗം തേച്ചതിന് ശേഷം

മുന്‍ ഭാഗം തേക്കുമ്പോഴായിരുന്നു

ആ ഞെട്ടിക്കുന്ന സംഭവം നടന്നത്

ആദ്യം ഞാനൊന്നും കണ്ടില്ല

വല്ലാത്തൊരു മണം മാത്രം ..

ഞാന്‍ ഒട്ടാകെ നോക്കി

എവിടന്ന് ആ മണം എന്ന് മനസിലാകുന്നില്ല ....

അവസാനം ഞാന്‍ ഷര്‍ട്ടിന്‍റെ

പോക്കറ്റ് പരിശോദിച്ച് നോക്കിയപ്പോള്‍

ആ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി ....

രണ്ട് മൂട്ടകള്‍ പൊട്ടാസ് പരുവത്തില്‍ ആയിരിക്കുന്നു

മലിഞ്ഞില്

ചൂണ്ടലിടാന്‍ പോക്ക് അന്നെനിക്കൊരു ഹരമായിരുന്നു.......
പക്ഷെ ഒരു കുഴപ്പം മാത്രം,,, മണ്ണിരയെ കോക്കാന്‍ പേടിയും അറപ്പും,,
അതുകൊണ്ട് ഞാനൊരു അസിസ്ടന്റ്റ് നെ ഒപ്പം കൂട്ടും
വള്ളി ട്രൌസര്‍ മാത്രം ഉടുക്കുന്ന ഒരു കൊച്ചു പയ്യന്‍ ,,,പേര് ഉണ്ണി ..

അന്നും ഞാന്‍ അവനെയും കൂട്ടി നടന്നു .... ഞാന്‍ മുന്നിലും അവന്‍ പിന്നിലുമായി ,,,

നടക്കുന്നതിനിടയില്‍ അവന്‍ പറയുന്നുണ്ടായിരുന്നു
ഈ ഇരയെ കോത്താല്‍ ചെറിയ പരളിനെ മാത്രമേ കിട്ടുള്ളൂ
വല്യ എന്തെങ്കിലും കിട്ടണമെങ്കില്‍ മത്തി കഷണമോ കോഴി കുടലോ കോക്കണം ,,,ഈ ഇരയെ കോക്കാനല്ലേ ഇങ്ങക്ക് പേടിയുള്ളൂ .മത്തിയോ കുടലോ കോക്കാന്‍ പേടിയില്ലല്ലോ ...വലിയ മീനും കിട്ടും ,,പിന്നെ ഇങ്ങക്കന്താ ഒറ്റക്ക് പോയാല് ...

ചെറുക്കന്‍ പറഞ്ഞത് ശരി തന്നെ ,,,പക്ഷെ വലിയ മീനിനെ വലിചിടാനും എനിക്ക് പേടിയാണെന്ന് അവനറിയില്ലല്ലോ ....

പറഞ്ഞു പറഞ്ഞു ഞങ്ങള്‍ തോട്ടിന്‍ വക്കത്ത് എത്തി
പതിവ് പോലെ അന്നും അവന്‍ മണ്ണിരയെ കോര്‍ത്ത്‌ തന്നു
ഞാന്‍ ചൂണ്ടല്‍ തോട്ടിലേക്ക് വലിച്ചെറിഞ്ഞു
തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് .. അവന്‍ മറ്റൊരു ചൂണ്ടലും കണ്ണിയും അവന്‍റെപോക്കറ്റില്‍ നിന്നും എടുത്തു ഇരയെ കോക്കാന്‍ നോക്കുകയാണ്

ഇത് കണ്ട ഞാന്‍ ചോദിച്ചു ..എന്താ പരിപാടി ..?

ചെറുക്കന്‍ : ഇന്ന് ഞാനും ഒന്ന് ഇട്ടുനോക്കട്ടെ

ഞാന്‍ പറഞ്ഞു .അതിനൊന്നും നീ ആയിട്ടില്ല ആദ്യം ഞാന്‍ വലിച്ചിടുന്നതും പിടിക്കുന്നതും ഒക്കെ നീ കണ്ടു മനസിലാക്ക്...
അങ്ങനെ അവന്‍റെ ആ ആഗ്രഹത്തെ ഞാന്‍ പിന്തിരിപ്പിച്ചു

അപ്പോഴാണ്‌ എന്‍റെ ചൂണ്ടലില്‍ എന്തോ കൊത്താന്‍ തുടങ്ങിയത്..
ആ കൊത്തല് കണ്ടപ്പോ എനിക്ക് ചെറിയൊരു പേടി ,,,,ഇത് പരലോന്നും അല്ലെ റബ്ബേ ,,,,,,

അങ്ങനെ വലി,, ഇങ്ങനെ വലി ,, എന്നും പറഞ്ഞു ചെറുക്കന്‍ എന്നെ പഠിപ്പിക്കാന്‍ നോക്കുന്നു....അതെനിക്ക് തീരെ ഇഷ്ടമായില്ല

അങ്ങനെ ഞാന്‍ ആഞ്ഞു വലിച്ചു ...വലിച്ചിട്ട മീനിനെ കണ്ടപ്പോ ഞാന്‍ ഞെട്ടി ,,,,,, കോത്തിട്ട മണ്ണിരയെകാളും നൂറിരട്ടി വലിപ്പമുള്ള ഒരു മലിഞ്ഞില് ....
കരയിലെത്തിയത് ഒരു കാണല് ഞാന്‍ കണ്ടിരുന്നു പിന്നെ ചൂണ്ടല്‍ കണ്ണിയും ഇട്ടു ഞാനോടി ...

ഓട്ടത്തിനിടയില്‍ ചെറുക്കന്‍ പിന്നാലെ ഇല്ലെന്ന് അറിഞ്ഞ ഞാനൊന്ന് തിരിഞ്ഞ് നോക്കി
അപ്പോള്‍ കണ്ട കാഴ്ച ....അവന്‍ ആ മലിഞ്ഞിലിനെ തെങ്ങിനോടിട്ട് അടിക്കുന്നതാണ് ...പിന്നെ കുറച്ചു സമയത്തെ മല്‍പിടുത്ത തിന് ശേഷം അവന്‍ അതിനെ അവന്‍റെ കരവലയതീലാക്കി ....

പൊട്ടാതെ ചീറ്റിപ്പോയ ഓലപ്പടകത്തിന്‍റെ അടുത്തേക്ക് പോകുന്നവന്‍റെ ദൈര്യതോടെ ഞാനവന്‍റെ അടുത്തേക്ക് പോയി ....
അപ്പോഴേക്കും അവനോളം വലിപ്പമുള്ള മലിഞ്ഞിലിനെയുംചുമലിലാക്കി അവന്‍ നടക്കാന്‍ തുടങ്ങിയിരുന്നു ....
ഇങ്ങോട്ട് വരുമ്പോള്‍ അവന്‍റെ മുന്നില്‍ നടന്ന ഞാന്‍ അങ്ങോട്ടവന്‍റെ പിന്നില്‍ നടന്നു .,.......

ഇന്നാ ചെറുക്കന്‍ പഠിച്ചു പഠിച്ചു ഒരു ജോലിയൊക്കെ ആയി എങ്കിലും 'മലിഞ്ഞിലുണ്ണി' എന്ന പേരിലറിയപ്പെടുന്ന ഒരു ബക്കല്‍ വിദക്തനായി ഇന്നും മീന്‍ പിടുത്തം തുടരുന്നു .....

മലിഞ്ഞിലിന്‍റെ വാല്‍ കഷ്ണത്തോടൊപ്പം മറ്റൊരു വാല്‍ കഷണം : പൊങ്ങി വരുന്ന കഴിവിനെ പൊക്കി കൊടുക്കാതെ പൊങ്ങാത്ത കഴിവിനെ പൊക്കാന്‍ നോക്കരുത്

ആ.......... ഞെട്ടല്‍





അന്ന് രാവിലെ പത്രമെടുത്ത് വായിച്ചപ്പോഴാണ്
ഞാനത് കാണുന്നത്....

ഒരു ഷോക്ക് പോലെയായിരുന്നു എനിക്കാ വാര്‍ത്ത.....

ഇത് സത്യമാണോ പടച്ചോനെ ........?

ആരും പറഞ്ഞു പോലും
കേള്‍ക്കാത്തത് കൊണ്ട് എനിക്കാ വാര്‍ത്ത വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു .....

ഒരു വട്ടം കൂടി ഞാനാ പത്രത്തില്‍ നോക്കി ഉറപ്പു വരുത്തി

പിന്നെ താമസിപ്പിച്ചില്ല ...

ഞാന്‍ നേരെ വിട്ടു.......

ബാസ്സിലിരുക്കുംപോഴും എനിക്കൊരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ..
ഇങ്ങു നാട്ടിലേക്ക് കൊണ്ട് വരുന്നതിന് മുമ്പേ അവിടെ വെച്ച് തന്നെ എനിക്ക് മതി വരുവോളം കാണണം

ബാസ്സിറങ്ങിയതും ഞാനിറങ്ങിയോടി....
കണ്ടക്ടര്‍ തരാനുള്ള ബാക്കി പോലും വാങ്ങാന്‍ നില്‍ക്കാതെ.....

ഒരു വലിയ കെട്ടിടത്തിന് ചുറ്റും കൂടിയ
അവിടെയുള്ള ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി

ഇദേഹത്തെ എന്നെപ്പോലെ തന്നെ ഒരു പാട് പേര്‍ക്കും ഇഷ്ടമായിരുന്നു എന്ന് .....

അവിടത്തെ ഗെയിറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ആളുകള്‍ തിക്കി തിരക്കാന്‍ തുടങ്ങി ...

എല്ലാവര്ക്കും കാണാം ആരും തിരക്ക് കൂട്ടാതെ ...

എന്ന് പറയാനേ അവിടെയുള്ള പോലീസുകാര്‍ക്ക് പോലും സാധിക്കുന്നുള്ളൂ ...

ഞാനും തിക്കിതിരക്കുന്നത് കണ്ടപ്പോള്‍ അവിടെ എന്നെ പോലെ തന്നെ എത്തിയ എന്‍റെ നാട്ടിലെ രണ്ട് പേര്‍ എന്നോടു പറഞ്ഞു ...
എന്തായാലും അങ്ങ് നാട്ടിലേക്ക് കൊണ്ട് വരൂലേ മുജീബെ ..
അപ്പോള്‍ കാണാം.... ഞങ്ങള് പോകുന്നു എന്ന് ......

പക്ഷെ എനിക്ക് കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു ..

എങ്ങിനെയോ ഞാനും ഗെയിട്ടിനുള്ളിലെ ഇടവഴിയില്‍ കേറിപ്പറ്റി ..

ഇനി ഏതാനും ആളുകള്‍ മാത്രമേ എന്‍റെ മുന്നിലുള്ളൂ......

അത് കഴിഞ്ഞാല്‍ എനിക്കും കാണുവാന്‍ പറ്റുമല്ലോ....എന്നോര്‍ത്തപ്പോള്‍ മനസിന്‌ ഒരു സമാധാനം തോന്നി

മുന്നോട്ടു മുന്നോട്ട് നീങ്ങുന്തോറും എന്‍റെ ചെഗ്ഗിടിപ്പ് കൂടി കൂടി വന്നു .....

അവസാനം എന്‍റെ ഊഴമായപ്പോള്‍ വിറയാര്‍ന്ന ശരീരത്തോടെ
ഞാനെന്‍റെ മുഖം അങ്ങോട്ടൊന്നു തിരിചെയുള്ളൂ .....

ആ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി .....

''ഹൌസ് ഫുള്‍'' എന്ന ഒരു ബോര്‍ഡ്

ഇനി ബ്ലാക്കില്‍ വാങ്ങലെ രക്ഷയുള്ളൂ
എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിഞ്ഞ് നടന്നു

( മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബല്‍റാം റിലീസിന് കാണാന്‍ പോയ ഓര്‍മ )