Friday, March 14, 2014

ആദ്യത്തെ സിനിമ


ദൂരദര്‍ശനില്‍ ഞായറായ്ച്ച നാല് മണിക്ക് വരുന്ന സിനിമകള്‍ മാത്രം കണ്ട് ശീലമുള്ള എന്നോട് ഒരു ദിവസം ഇക്കാക്ക വന്ന് ചോദിച്ചു ....

മനേ മനേ ഇഞ്ഞ് പോരുന്നോ എന്റൊടി ഒരു സലത്ത്
ഉമ്മാനോടും ഉപ്പാനോടോന്നും പറേണ്ട ...
കേനാലുമ്മല് ബോള് കളി കാണ്വോന്‍ പോനാന്ന് പറഞ്ഞാ മയി

ഇഞ്ഞ് ഏട്യാ പോനെന്ന് പറ എന്നാ ഞാന്‍ പോര ....

മൊകേരി സിനിമ കാണ്വോന്‍ പോന്നാ ....ഇഞ്ഞും പോരി

ഉമ്മോ ഞാനില്ല ,,ടാക്കീസില് പോയി സിനിമ കാണല് ഹറാമാ

ഇല്ലാനെ ഇത് ഇമ്മള്യാളെ കഥയാ .. മമ്മൂട്ടീന്‍റെ 1921
ഇത് കണ്ടാല് ഹറാമൊന്നൂല്ല
ടിക്കറ്റെല്ലം ഞാനെടുത്യേരും
എന്‍റെരുത്ത് ഇന്നല ചപ്പ് വിറ്റ പൈശേണ്ട്
ഇഞ്ഞ് പോരുന്നെ ബേം ബാ ....

പിന്ന ഞാനൊന്നും ആലോചിച്ചില്ല ..
വാതിലില്‍ തൂങ്ങി കിടന്ന കുപ്പായവും എടുത്ത്
അതിട്ടോണ്ട്‌ ഓടുന്നതിനിടയില്‍ ഞങ്ങള്‍ രണ്ട് പേരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു ..

ഉമ്മാ ഉമ്മാ ഞാള് ബോള് കളി കാണ്വോന്‍ പോയിറ്റ് ബെരുന്നെ .

ബെഗേങ്ങ് പോരണേ മക്കളെ ...
എന്ന് ഉമ്മ വിളിച്ചു പറയുന്നത് ഓടുന്ന ഓട്ടത്തിനിടയില്‍ ഞങ്ങള്‍ ചെറുതായി കേള്‍ക്കുന്നുണ്ടായിരുന്നു

ആ ഓട്ടം മൊകേരി നിര്‍മല ടാക്കീസിന്‍റെ പിന്നിലെ കൊള്ള് ചാടിക്കേറുന്നത് തുടര്‍ന്നു ...

ഓടിയ കിതപ്പ് മാറാന്‍ കാത്ത് നില്‍ക്കാതെ
ഒരു രൂപ അന്‍പത് പൈസ എടുത്ത് തന്നിട്ട് ഇക്കാക്ക എന്നോട് പറഞ്ഞു

അയ്യെടചാണിന്‍റെ ഉള്ളില് കൂടി പോയിട്ട് അവസാനം ഒരോട്ട കാണും അയ്യോട്ടെല് കയ്യിട്ടാല് ഓല് ടിക്കറ്റ് തെരും
അതും മാങ്ങി ഇഞ്ഞ് മുബ്ബ്ത്തന്നെ കുത്തിരിഞ് കണ്ടോ

പൈസ വാങ്ങുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

അല്ല.. അന്നെരിഞ്ഞ് കാണുന്നില്ലേ

എന്‍റെ സാരേല്ല ..ഇഞ്ഞ് മുബ്ബ് ക്കുത്തിരിഞ്ഞ്യെന്നെ മരിയാതിക്ക് കണ്ടോ
ഞാന്‍ ബെക്കിലേങ്ങാന്‍ കുത്തിരിഞ്ഞ് കണ്ടോളും

പൈസയും കയ്യില്‍ പിടിച്ച് അതിനുള്ളിലേക്ക്‌ കേറുമ്പോള്‍ ഞാന്‍ ഓര്‍ത്തു ....

പാവം ഇക്കാക്ക ...
എനക്ക് മുന്നിലത്തെ സീറ്റിന്‍റെ ടിക്കറ്റും എടുത്ത് തന്ന് ഓന്‍ ബെക്കിലെങ്ങാന്‍ ഇരുന്ന് കാണുന്നു ..

അങ്ങനെ ടിക്കറ്റും എടുത്തുഞാന്‍ ഉള്ളിലേക്ക് കേറി

കയ്യൊന്ന് നീട്ടിയാല്‍ സ്ക്രീനില്‍ തൊടാവുന്ന ദൂരത്തിലുള്ള ബെഞ്ചില്‍ ഇരുന്ന് കൊണ്ട് ആദ്യമായി ടാക്കീസില്‍ ഇരുന്ന് സിനിമ കാണുന്നവന്‍റെ ഉത്സാഹത്തോടും വെവലാതിയോടും കൂടി ഞാന്‍ സിനിമ കാണാന്‍ തുടങ്ങി ....

ഇടവേളയില്‍ തെളിഞ്ഞ ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞ് നോക്കിയപ്പോള്‍
ഏറ്റവും ബേക്കിലെ സീറ്റിലിരുന്ന് കൊണ്ട് ഇക്കാക്ക എനിക്ക് നേരെ കൈ പൊക്കി കാണിച്ചു ..
ആദ്യമായി വലിയ സ്ക്രീനില്‍ സിനിമ കാണാന്‍ സാധിച്ചതിന്‍റെ നിര്‍വൃതിയില്‍ അതെ ആവെശത്തോടെ ഞാനും അവന് നേരെ കൈ വീശി ..

അന്നവൻ തന്ന ദൈര്യവും പ്രചോദനവും കൈമുതലാക്കി രണ്ടാമത്തെ സിനിമ കാണാൻ ഞാൻ തനിച്ച് പോയപ്പോൾ ഞാനാ സത്യം മനസിലാക്കി

അന്ന്
ഇക്കാക്ക എന്നെ തോൽപ്പിക്കുകയായിരുന്നെന്ന്.,......

അങ്ങനെ ഇക്കാക്കാന്റെ മുന്നിൽ സന്തോഷത്തോടെ തോൽക്കുവാൻ ഈ അനിയന്റെ ജീവിതം പിന്നെയും ബാക്കി ..,:)

Saturday, March 1, 2014

വണ്ടിക്കഥ vol 2

സുല്‍ത്താന്‍ ബത്തേരി ജൂബിലി ഹോട്ടലില്‍ കയറി നന്നായി ഭക്ഷണം കഴിച്ചു .....
അവിടന്ന് വീണ്ടും വണ്ടി വിടുമ്പോള്‍ സമയം ഏതാണ്ട് രാത്രി പതിനൊന്നര മണി ആയിക്കാണും

ശശിയാണ് എന്‍റെ കൂടെയുള്ളത്

ഞങ്ങള്‍ മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റി വരുന്ന വഴിയാണ്

വയറ്റിനകത്തെ പൊറാട്ടയോ ബീഫോ ആരാണെന്നറിയില്ല മീനങ്ങാടി എത്തുമ്പോഴേക്കും ശശിയെ താരാട്ട് പാടി ഉറക്കിയിരുന്നു ...

ഏത് എടാകുടത്തിലും കേറി ചെന്ന് തലയിടുന്ന ഒരു സൂക്കേട് ഈ ശശിക്കുള്ളത് കൊണ്ട് തന്നെ ഇവനെ അധികമാരും ക്ലീനറായി കൂട്ടാറില്ല ...

ഞാനെന്‍റെയൊപ്പം കൂട്ടുന്നത്‌ കണ്ടിട്ട് പലരും പറയുകയും ചെയ്തു ...

നീ തല്ല് കൊള്ളാതെ തിരിച്ചെത്തിയാല്‍ നിന്‍റെ ഭാഗ്യം ,,,,,എന്നൊക്കെ .......

ഈയൊരു ട്രിപ്പിന് എനിക്കെന്‍റെ നിവൃത്തി കേട് കൊണ്ട് കൂട്ടേണ്ടി വന്നതാണ്

പനമരം കഴിഞ്ഞ് അഞ്ച്കുന്ന് എന്ന ചെറിയ അങ്ങാടിയില്‍ എത്തിയപ്പോള്‍ ശശി ചാടി എണീറ്റ്‌ എന്നോടു പറഞ്ഞു ...

മുജീ മുജീ വണ്ടി ഒന്ന് നിര്‍ത്ത് എനക്കൊന്ന് മുള്ളണം

ഞാന്‍ വണ്ടി നിര്‍ത്തി ....

ഒന്നല്ല രണ്ട് കഴിഞ്ഞാലും വരേണ്ട സമയമായിട്ടും ശശി വരുന്നില്ല ..

ഇപ്പോള്‍ വരുമായിരിക്കും എന്ന് കരുതി ഞാനിങ്ങനെ വണ്ടിയില്‍ ഇരിക്കുമ്പോഴുണ്ട്
ഒരാള്‍ എന്‍റെ വണ്ടിക്ക് മുന്നിലൂടെ കിതച്ച് കൊണ്ടോടുന്നു

അവന് പിന്നാലെ നമ്മുടെ ശശിയും മരണ പാച്ചല് പായുന്നു

ഇത് കണ്ട ഞാന്‍ വണ്ടി ഓഫാക്കി ചാവിയും എടുത്ത് ശശിക്ക് പിന്നാലെ ഓടി

നിക്ക് നായിന്‍റെ മോനെ എന്നും പറഞ്ഞ് ശശി അവന്‍റെ പിന്നാലെയും എന്തന്നാ പ്രശ്നം ശശിയെ എന്നും ചോദിച്ച് കൊണ്ട് ഞാന്‍ ശശിയുടെ പിന്നാലെയും കുറെ ദൂരമോടി ....

അവസാനം എനിക്ക് ഓടാന്‍ വയ്യാണ്ടായി

ഞാന്‍ തിരിച്ചു നടന്നു വണ്ടിയില്‍ വന്നിരിന്നു ....

ഈ പഹയനെ കൂട്ടിയത് എല്ലാരും പറഞ്ഞ പോലെ പണിയായല്ലോ എന്നാലോചിച്ചിരിക്കുംപോഴുണ്ട് ശശി ആ ഓടിച്ചവനെയും പിടിച്ചു വലിച്ചു നടന്നു വരുന്നു ..

ഒരു പത്ത് പതിനേഴു വയസ് തോനിക്കുന്ന ഒരു കൊച്ചു പയ്യന്‍

ശശി തന്‍റെ തോര്‍ത്ത്‌ കൊണ്ട് അവന്‍റെ രണ്ട് കയ്യും പിന്നിലാക്കി കെട്ടിയിട്ടുമുണ്ട് ...

ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി കാര്യം തിരക്കി

എന്താ ശശിയെ പ്രശ്നം ...?

ഞാന്‍ മൂത്രമൊഴിക്കാന്‍ ഇരുന്നപ്പോഴുണ്ട് ഈ കള്ളന്‍ ആ പച്ചക്കറി കടയില്‍ നിന്നും പച്ചക്കറി മൊത്തം ചാക്കിലാക്കുന്നു ...

അപ്പത്തന്നെ എന്‍റെ കയ്യില്‍ കിട്ടിയതായിരുന്നു ....

കുതറി മാറി ഓടി കളഞ്ഞു .....ഞാനിണ്ടോ വിടുന്നു ....

ശശി ഇത് പറയുമ്പോഴേക്കും മുകളിലത്തെ പീടിക മുറിയില്‍ ലൈറ്റ് തെളിഞ്ഞു ..

അവിടെ ഉറങ്ങുകയായിരുന്നവര്‍ ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി

ശശി തന്നെയാണ് ആരോടും കാര്യം പറഞ്ഞത്

നിങ്ങളൊക്കെ പോത്ത് പോലെ കിടന്നുറങ്ങിയിട്ടാ കള്ളന്മാര്‍ ഇങ്ങനെ കൊള്ളയിക്കുനത്.....

കള്ളന്‍ മാരോ....?
ഏതു കള്ളന്‍ .....
എന്തിനാ ഈ പയ്യനെ പിടിച്ചു കെട്ടിയിട്ടത് ......?

അവര് തിരിച്ചിങ്ങോട്ട് ഇങ്ങനെ ചോദിച്ചപ്പോള്‍

ആ കൊച്ചു പയ്യന്‍ കരഞ്ഞു കൊണ്ട് അവരോട് പറയാന്‍ തുടങ്ങി ...

ഞാന്‍ നാളേക്ക് കൊടുക്കേണ്ട പച്ചക്കറിയൊക്കെ ചാക്കിലാക്കുംപോഴാണ് ഇയാള്‍ പിന്നിലൂടെ വന്ന് എന്നെ കേറി പിടിച്ചത് ...എന്ത് ഉദ്ദേശത്തിനാണെന്നറിയാതെ ഞാന്‍ കുതറി ഓടിയതാ .......

ഈ കടയിലെ പണിക്കാരനാണോ ഇവന്‍ എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ശശിയുടെ നടുപ്പുറത്തെക്ക് അവരുടെ ഭലിഷ്ടമായ കൈകള്‍ പതിഞ്ഞിരുന്നു .....

ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോങ്ങ് പോലെ മുജീബെ വണ്ടി വിട്ടോ എന്ന് ശശി പറയുമ്പോഴേക്കും ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു ....

എങ്ങിനെയോ ഓടുന്ന വണ്ടിയുടെ കബ്ബിയില്‍ പിടിച്ച്തൂങ്ങി ശശിയും വണ്ടിക്കുള്ളിലെത്തി ....

പോകുന്ന വഴിയില്‍ ഞാന്‍ ശശിയോട്‌ പറഞ്ഞു ...

വെറുതെയല്ലടാ നിനക്ക് ശശി എന്ന് പേരിട്ടത് ...നീയാണ് യഥാര്‍ത്ഥ ശശി ..........

വാല്‍കഷണം : അന്ന് മുതലാണ്‌ പോയത്തങ്ങളില്‍ ചെന്ന് പെടുന്നവരെയൊക്കെ ശശി എന്ന് വിളിക്കാന്‍ തുടങ്ങിയത്

രണ്ടാം ജന്മം


അലക്കുന്ന കുണ്ടില്‍ ഉമ്മ അലക്കാന്‍ പോകുംപോമ്പോള്‍ എന്നെയും കൂട്ടും

ഒരു ദിവസം ഉമ്മ അലക്കി കൊണ്ടിരിക്കുമ്പോള്‍ അയലത്തെ രവിയും കൂട്ടരും പൂശാരി കുണ്ടില്‍ കുളിക്കാന്‍ പോകുന്നു...

ഞാന്‍ ചോദിച്ചു ഉമ്മാനോട്,,,

ഉമ്മാ ഞാനും പൊയ്ക്കോട്ടേ ഒലോടി .....ഞാന്‍ കുളിക്കൂല ഓല് കുളിക്കുന്നത് കാണ്വാള്ളൂ ....

ഉമ്മ സമ്മധിച്ചു ,,ഒപ്പം രവിയോട് ഒരു ഉപദേശവും

ഓന നോക്കണേ ..കുളിക്ക്വോന്‍ തമ്മെക്കണ്ട ...

അങ്ങനെ ഞാനും അവരെ ഒപ്പം പോയി

പക്ഷെ അവര്‍ പോയത് കായക്കൊടി ഞെണോല്‍ താഴ തോട്ടിലെക്കായിരുന്നു ..

നല്ല ഒഴുക്കുള്ള വലിയ തോട് ....

രവിയും ഒപ്പം കൂടെയുള്ള രണ്ടും പിള്ളേരും അക്കരെക്കും ഇക്കരെക്കും നീന്തുന്നത് കണ്ടപ്പോള്‍ എനിക്കും വല്ലാത്തൊരു പൂതി ...

നീന്തം അറിയാം എന്ന് രവിയോട് പറഞ്ഞപ്പോള്‍ അവനു വിശ്വാസം വന്നില്ല ..
അങ്ങനെ ഞാന്‍ ആ തോടിന്‍റെ സൈഡില്‍ ഇറങ്ങി നീന്തി കാണിച്ചു കൊടുത്തു ....

എന്നെക്കാളും പ്രായം കുറഞ്ഞ ആ പിള്ളേര്‍ നീന്തിയത്‌ കണ്ടപ്പോള്‍ ഞാനും അക്കരെക്ക് നീന്തി

പക്ഷെ ഒഴുക്കില്‍ നീന്തിയുള്ള മുന്‍പരിചയമില്ലായ്മ എന്നെ കൈത കുണ്ടയിലേക്ക് കൊണ്ടുപോയി ..

ഞാന്‍ മുങ്ങി താഴാന്‍ തുടങ്ങി ...

വീര്‍പ്പ് മുട്ടി മരണം മുന്നില്‍ കണ്ടു ..

രവി നീന്തി വന്നു എന്‍റെ മുടിയില്‍ പിടിച്ചു എന്നെ അങ്ങനെയോ കരക്കെത്തിച്ചു ...

അവശനായ ഞാന്‍ കുറെ സമയത്തിന് ശേഷം പൂര്‍വ സ്ഥിതിയിലായി ....

അപ്പോഴേക്കും നേരം സന്ത്യയോടടുതിരുന്നു ...

ആ വെപ്രാളത്തില്‍ നിന്നും മോചിതനാകാതെ ഞങ്ങള്‍ വീട്ടിലേക്കു നടക്കുമ്പോള്‍ ഉമ്മയതാ വരുന്നു.....
ഒരു വടിയും കയ്യില്‍ പിടിച്ചു കൊണ്ട് .. എന്നെ എന്തൊക്കെയോ ശകാരിക്കുകയും ചെയ്യുന്നുണ്ട്

പൂശാരി കുണ്ടില്‍ പോയി അന്ന്യെഷിച്ചപ്പോള്‍ ആരോ പറഞ്ഞതാണ് അവര്‍ കായക്കൊടി വഴിക്ക് പോകുന്നത് കണ്ടു എന്ന് ....

ഉമ്മാനെ കണ്ടതും ഞാന്‍ ഓടി പോയി ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു ...

എന്നെ അടിക്കാന്‍ വന്ന ഉമ്മയും ഇത് കണ്ടപ്പോള്‍ കരയാന്‍ തുടങ്ങി ..

അടുത്തുള്ള വീടുകാര്‍ ഇറങ്ങി വന്നു ....

കാര്യം പറയാന്‍ രവി മടിച്ചെങ്കിലും ഞാന്‍ നിലവിളിച്ചു കൊണ്ട് നടന്ന കാര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു ...

എന്‍റെ മോന് ഒന്നും പറ്റിയില്ലാലോ എന്നും പറഞ്ഞു ഉമ്മ എന്നെ ആശ്വസിപ്പിച്ചു ...

അന്ന് ഞാനവിടെ മരിച്ചു പോയിരുന്നെങ്കില്‍ ഉമ്മ വന്നിട്ട് കാണുന്ന ആ രംഗം ഞാന്‍ മനസ്സില്‍ ഓര്‍ത്തു പോയി ....

എന്‍റെ മരണത്തെക്കാളും ഞാന്‍ സങ്കടപ്പെട്ടത് .....എന്‍റെ ഉമ്മാക്ക് അപ്പോഴുണ്ടാകുന്ന സങ്കടത്തെ പറ്റിയായിരുന്നു ...

അന്ന്പ ടച്ചവന്‍റെ കാവല്‍ അന്ന് രവിയുടെ രൂപത്തില്‍ വന്നു എന്‍റെ ജീവന്‍ തിരിച്ചു നല്‍കി ,,,,,,,

അതിനു ശേഷം ഇന്നീ ദിവസംവരെ ഞാന്‍ ജീവിച്ചു ....

പടച്ചവന് സ്തുതി പറയുന്നതോടൊപ്പം ഇനിയും ഒരു പാട് കാലം എനിക്കും എന്‍റെ കുടുംബതിലുള്ളവര്‍ക്കും എന്‍റെ കൂട്ടുകാര്‍ക്കും അവരുടെ കുടുംബതിലുള്ളവര്‍ക്കും നീ ആയുസും ആരോഗ്യവും നല്‍കണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ..ഞാനീ ഓര്‍മ്മക്കുറിപ്പ്‌ നിങ്ങള്‍ക്കും പങ്കു വെക്കുന്നു .............................

ഇംഗ്ലീഷ് മീഡിയം

എന്നും വിളിക്കുന്നത്‌ പോലെ ഇന്നും ഞാന്‍ വീട്ടിലേക്കു വിളിച്ചു....

ഉമ്മയുടെയും ഭാര്യയുടെയും മോന്റെയും ഊഴം കഴിഞ്ഞ്
ഫോണ്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന എന്‍റെ മോളുടെ കയ്യിലെത്തി ....

എന്നും സലാം ചൊല്ലിയിട്ടെ മോള് സംസാരിച്ചു തുടങ്ങൂ ...

ഞാന്‍ സലാം മടക്കി കഴിഞ്ഞാല്‍ പിന്നെ അവള്‍ക്കു പറയാനുള്ളത് ഇതായിരിക്കും

ആപ്പാനോട് ഞാനൊരു ചോദ്യം ചോദിച്ചോട്ടെ ....?

കൂടുതലും പല കടം കഥകളോക്കെയായിരിക്കും...
എനിക്ക് ഉത്തരം പറയാന്‍ കഴിയാതതാണെങ്കില്‍ അവസാനം മോള് തന്നെ ഉത്തരം പറഞ്ഞു തരും .....

ഇന്നും ഞാന്‍ കരുതി അതുപോലെ ഒരു ചോദ്യമായിരിക്കും എന്ന് ...

പക്ഷെ മോള് ചോദിച്ചത് ......

ആപ്പാ.... ആപ്പാക്ക് മൂന്നാം ക്ലാസിലെ പരീക്ഷക്ക്‌ ''മേത് സി''ല്‍ എത്രയായിരുന്നു മാര്‍ക്ക് ...?

പടച്ചോനെ കുഴങ്ങിയില്ലേ ......

രണ്ട് നിമിഷം ആലോചിച്ച് ഒരു കുസ്രിതി മറുപടി പറയാന്‍ ഞാന്‍ തീരുമാനിച്ചു ..

മോളെ ആപ്പ പഠിക്കുന്ന സമയത്ത് മേത്സ് ഇല്ലായിരുന്നു ..പകരം കണക്കായിരുന്നു ..

രണ്ട് നിമിഷത്തെ മൌനത്തിന് ശേഷം മോള് പറഞ്ഞു

എന്നാ ഞാനെന്‍റെ ചോദ്യം തിരിച്ചെടുത്തു ആപ്പാ ....ഞാന്‍ കരുതി നിങ്ങള്‍ പഠിക്കുമ്പോഴും മേത്സ് ഉണ്ടായിരുന്നെന്നാ .....

മോള് ഫോണ്‍ ഉമ്മാക്ക് തന്നെ കൊടുക്ക് ...

ഹലോ ...

പെമ്പറന്നോത്തിയുടെ ശബ്ദം കേട്ടതും ഞാന്‍ പറഞ്ഞു

നീ മോള് പഠിക്കുന്ന ഇംഗ്ലീഷ് മീഡിയത്തില്‍ വിളിച്ചങ്ങ്‌ പറഞ്ഞേക്ക്

മേത്തമെറ്റിക്സിന്‍റെ മലയാളം കൂടി കുട്ടികളെ പഠിപ്പിക്കണമെന്ന് ....

ആ വെക്കല്ല വെക്കല്ല ഒരു കാര്യം കൂടി ...

ആ കേബിള്‍ കാരെ കൂടി ഒന്ന് വിളി

അവരോടും പറ .......

നാളെ മുതല്‍ കണക്ഷന്‍ വേണ്ട എന്ന് .................................

അല്ലപിന്ന,,,,,,

ഓരോരോ പരസ്യവും കുട്ട്യേളുടെ ഓരോരോ ചോദ്യവും

വിവരക്കേട്

കുവൈത്ത് ട്രാന്‍സ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയം

മുപ്പത്തിഒമ്പതാം നമ്പര്‍ ബസ്സാണ് ഞാന്‍ ഓടിക്കുന്നത്

അര്‍ദിയ എന്ന മന്തക്കയുടെ ഉള്ളില്‍ എത്തിയപ്പോള്‍ അവിടെയുള്ള ഒരു ബസ് സ്റ്റോപ്പില്‍ നിന്നും സുന്ദരിയായ ഒരു യുവതി ബസ്സിന് കൈ കാണിച്ചു ....

ബസ്സില്‍ വേറെ പാസഞ്ചര്‍ ആരും ഇല്ല ...

ഞാന്‍ ബസ്സ്‌ നിര്‍ത്തി

അവള്‍ കേറി ..

നല്ല ടൈറ്റ് ജീന്‍സ് ഒരു ടീഷര്‍ട്ട്‌ നല്ല ഒരു കൂളിംഗ് ഗ്ലാസ് ചെവിയില്‍ ഹെഡ് ഫോണ്‍ തിരുകിയിട്ടുണ്ട് ...

ഇതൊക്കെയാണ് അവളുടെ രൂപം .....

യാത്രക്കിടയില്‍ ഞാന്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ...

തിരിച്ചു അവളും പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ...

ഹലോ ഹൌ ആര്‍യൂ ...?

അയാം ഫൈന്‍

യൂ ആര്‍ ഫ്രം ശ്രീലങ്ക ...?

യാ അയാം ശ്രീലങ്ക

യൂ നോ തമിള്‍ ...?

നോ നോ ഐ ഡോണ്‍ നോ തമിള്‍

യൂ നോ ഇംഗ്ലീഷ് ....?

യാ ഐ നോ ഇംഗ്ലീഷ് ...

ബട്ട് ഐ ഡോണ്‍ നോ ഇംഗ്ലീഷ് എന്ന് ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും

അവള്‍ ചറ പറാ ഇംഗ്ലീഷ് പറയാന്‍ തുടങ്ങി .....

ഇട്ടാലിയന്‍സ് ഹേഡേ മോണോപൊളി ഓഫ്‌ ദി ട്രേഡ് വിത്ത് ദ ഈസ്റ്റ്
ബട്ട് വെന്‍ ദ വിക്ട്യൂ പീപ്പിള്‍ എക്രോഫ് ദ സെന്‍സ് ഓഫ്‌ ഡീ .....

ഇങ്ങനെയൊക്കെ പണ്ടെപ്പോ സ്കൂളില്‍ പഠിച്ച ഇംഗ്ലീഷ് മാത്രം അറിയാവുന്ന ഞാന്‍ കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ .....

അവസാം ഒന്നും പറയാതെ ഞാന്‍ മിണ്ടാത്തെ ഇരിക്കേണ്ടി വന്നു .....

അന്ന് ലേലം സിനിമ റിലീസായെങ്കില്‍ ഞാന്‍ പറഞ്ഞേനെ ....

''ഈ .......പ്പച്ചന്‍ ന്‍ ന്‍ ......പള്ളിക്കൂടത്തില്‍ പോയിട്ടില്ല '' എന്ന്

വാല്‍ കഷണം : സ്റ്റാറ്റസിന് ദാരിദ്ര്യം വരുമ്പോള്‍ ഇതും ഇതിലപ്പുറവും എഴുതിപ്പോകും

നെറ്റ് വര്‍ക്ക്


കഴിഞ്ഞ ആഴ്ച ഇതേ ദിവസമായിരുന്നു ഹംസക്ക എന്‍റെ റൂമിലെത്തിയത്

ഹംസക്കാക്ക് എന്‍റെ കമ്പനിയിലേക്ക് വിസ ശരിയാക്കിയതും ഞാന്‍ തന്നെയായിരുന്നു
വിസ റെഡിയായി എന്നറിഞ്ഞപ്പോള്‍ തന്നെ എന്‍റെ റൂമിലുണ്ടായിരുന്ന ഒരാളുടെ ഒഴിവ് ഹംസക്കാക്ക് വേണ്ടി ഞാന്‍ നീക്കി വെച്ചിരുന്നു ...

ഇനി ആരാണ് ഈ ഹംസക്ക എന്നല്ലേ .......?

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നാല് വര്‍ഷങ്ങള്‍ ഞാനും ഹംസാക്കയും ഒരേ റൂമിലായിരുന്നു ,, കുവൈത്തില്‍
അന്ന് ഞങ്ങള്‍ക്കൊപ്പം അഷ്‌റഫ്‌ ക്കയും സലീമ്ക്കയും അതെ റൂമിലുണ്ടായിരുന്നു

അന്നത്തെ ആ ദിനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല
ജോലി കഴിഞ്ഞ് റൂമിലെത്തയാല്‍ പിന്നെ ഒരുത്സവം പോലെയായിരുന്നു
പാട്ടും തമാശ പറയലും കളിയും ചിരിയും .....
ലീവിന്‍റെ തലേ ദിവസം രാത്രി വൈകുന്നത് വരെയുള്ള കിസ്സ പറച്ചിലും ബഡായിപറച്ചിലും .......
എല്ലാത്തിനും ഞാനായിരുന്നു മുന്‍പന്തിയില്‍

അതോക്കെക്കൊണ്ടായിരിക്കാം കുവൈത്തില്‍ നിന്നും കേന്‍സലാക്കി മടങ്ങുമ്പോള്‍ എന്നോട് വല്ലാതെ കരഞ്ഞു പോയത് ....

ഞാനിത്രയും ഇവിടെ പറയാന്‍ കാരണം ഹംസക്ക ഇന്ന് എന്നോട് പറഞ്ഞ ഒരു വാക്കാണ്‌

മുജീബെ നീ വല്ലാതെ മാറിപ്പോയിരിക്കുന്നു ...
എന്താ നിനക്ക് പറ്റിയത് ആ പഴയ മുജീബെ അല്ല നീയിപ്പോള്‍

ഈ വാക്കുകള്‍ കേട്ട് ഞാന്‍ ആശ്ചര്യത്തോടെ ചോദിച്ചു

അതെന്താ ഹംസക്കാ.....
എന്‍റെ കൊലം കണ്ടിട്ടാണോ നിങ്ങള്‍ അങ്ങനെ പറഞ്ഞത്
എനിക്കൊരു മാറ്റവും വന്നതായി എനിക്ക് തോനിയിട്ടില്ലല്ലോ
തലയില്‍ കുറച്ച് മുടി കുറഞ്ഞതല്ലാതെ.....

അതല്ല നിന്‍റെ സ്വഭാവത്തിന്‍റെ കാര്യാ ഞാന്‍ പറഞ്ഞത്

ഹംസക്ക വീണ്ടും തുടര്‍ന്നു

നീ ഓര്‍ക്കുന്നുണ്ടോ നമ്മുടെ കുവൈത്ത് ജീവിതം ..........
നീ റൂമിലുണ്ടെങ്കില്‍ ഒരഞ്ച് പത്ത് ആളുകളുള്ള പ്രതീതിയായിരുന്നു ...

എന്തൊക്കെയായിരുന്നു നിന്‍റെ തമാശകള്‍....
ഞങ്ങള്‍ക്കെല്ലാവര്‍ക്കും നീ ഒപ്പമുള്ളത് വലിയൊരു ആശ്വാസമായിരുന്നു അന്ന് ....

ഇപ്പോള്‍ വീണ്ടും നിന്‍റെ അടുത്തേക്ക് വരുമ്പോള്‍ എനിക്ക് ആ പ്രതീക്ഷകള്‍ ഒക്കെത്തന്നെയായിരുന്നു ....

പക്ഷെ ഈ ഒരാഴ്ച കൊണ്ട് ഞാന്‍ നിന്നെ നോക്കി കണ്ടപ്പോള്‍
ആ പഴയ നീയെ അല്ല ....

ഏതു സമയവും നീയീ ലാപ്‌ ടോപ്പിന്‍റെ മുന്നില്‍ തന്നെ,,,
പഴയ ആ കളിയും ചിരിയുമോന്നുമില്ല ......

ഇത് കേട്ടപ്പോള്‍മറ്റൊരു സഹമുറിയനായ നൌഷാദ് ക്കയും പറയാന്‍ തുടങ്ങി

ഞാന്‍ ഇവന്‍റെ കൂടെ കൂടിയത് മുതലേ ഇവന്‍ ഇങ്ങനെയാ ....
പുറത്തേക്കൊന്നു നടക്കാനോ രണ്ട് കൊച്ചു വര്‍ത്തമാനം പറയാനോ ഒന്നും ഇവനെ കിട്ടാറില്ല ...
അഥവാ ഇവന്‍ രണ്ട് വര്‍ത്താനം പറയണമെങ്കില്‍ അവന്‍റെ നെറ്റിന് വല്ല കുഴപ്പവും വരണം

ഹംസക്കാന്റെയും നൌഷാദ് കാന്‍റെയും ഈ വാക്കുകളാണ് എന്നെ ഇരുത്തി ചിന്തിപ്പിച്ചത് ......

സത്യത്തില്‍ കൂടയുള്ളവരില്‍ നിന്നും എന്നെ അകറ്റിയത് ഈ ഇന്‍റര്‍ നെറ്റും ലാപ്‌ ടോപ്പുമല്ലേ ....?

ഫെയ്സ് ബുക്കിലും ഫെയ്സ് ബുക്കിലെ ഗ്രൂപ്പിലുമായി ഞാന്‍ സമയം ചിലവഴിക്കുന്നു...
അത് കൊണ്ട് നല്ലവരായ കുറെ കൂട്ടുകാരെ കിട്ടി എന്ന വസ്തുത വിസ്മരിക്കുന്നില്ല ...എങ്കിലും

ഞാന്‍ സജീവമായി ഇടപെടാറുള്ള ഗ്രൂപ്പിലെ മെമ്പര്‍ മാരെ തമാശകള്‍ പറഞ്ഞു ചിരിപ്പിക്കുന്നു...
അവരുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു രസികന്‍ ...

പക്ഷെ ഇവിടെ ഞാനിരിക്കുന്ന റൂമില്‍ എന്‍റെ വായിലെ നാവനക്കാതെ കൈ വിരല്‍ കൊണ്ട്

നിങ്ങള്‍ക്കൊപ്പം ആനന്തിക്കുംപോള്‍ .....

ഞാന്‍ നിങ്ങളിലേക്ക് കൂടുതല്‍ അടുക്കുമ്പോള്‍ .....

എന്‍റെ ഈ മൂകമായ ഇരിപ്പ് കാണുന്ന എന്‍റെ സഹ മുറിയന്മാരില്‍ നിന്നും ഞാന്‍ അകന്ന് പോകുകയല്ലേ ......

ഇനി ഗ്രൂപ്പുകളില്‍ ആളനക്കം ഇല്ലങ്കിലും നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടും പോലെ ഇതിന് മുന്നിലിരുന്ന് മുകളിലോട്ടും താഴോട്ടും ഇങ്ങനെ ഉരുട്ടും .....

എന്‍റെ റൂമില്‍ ഈ ഇന്റര്‍ നെറ്റ് ഭ്രാന്തുള്ളവന്‍ ഞാനൊരാള്‍ മാത്രമായത് കൊണ്ട് തന്നെ .......
അവരുടെ മനസ് കാണാന്‍ ഞാന്‍ ശ്രമിക്കണമായിരുന്നു ...............................

എന്‍റെ ചിന്തകളില്‍ നിന്നും മോചിതനായപ്പോള്‍ ലാപ്‌ ടോപ്‌ ഓഫ് ചെയ്ത്കൊണ്ട് ഞാന്‍ ഹംസക്കയുടെ അടുത്ത് പോയിരുന്നു ...

മനസ്സില്‍ ശക്തമായ ഒരു തീരുമാനവും എടുത്തു കൊണ്ട് .....

ഇനി കൂടെയുള്ളവര്‍ റൂമിലുള്ളപ്പോള്‍ കൈ വിരള് കൊണ്ട് ഫെയ്സ്ബുക്കില്‍ വര്‍ത്താനം പറയാതെ വായിലെ നാവ് കൊണ്ട് റൂമിലെ അന്തരീക്ഷം ആനന്തകരമാക്കുമെന്ന്........

..................................................................ഇത് കട്ടായം ,,,,

:::::: : ഞാനീ സ്റ്റാറ്റസ് എഴുതുമ്പോഴും ഹംസക്ക അനന്തതയിലേക്ക് നോക്കി കൊണ്ട് മലര്‍ന്ന് കിടക്കുന്നു ....
ഞാന്‍ നോടിഫിക്കെഷനിലെ ചുവന്ന അക്കങ്ങള്‍ വരുന്നതും കാത്തുകൊണ്ട് കണ്ണ് മിഴിച്ചിരിക്കുന്നു .....

എന്‍ റ്റോസ്ക്കോപ്പി.........


വിട്ടുമാറാത്ത നെഞ്ചെരിച്ചിലിനെ തുടര്‍ന്നാണ്‌ പി വി എസ്സിലെ ഗോകുലന്‍ ഡോക്ടരുടെ അടുത്തു ഞാനെത്തിപ്പെട്ടത്‌

എന്നെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു

നമുക്കൊരു എന്റൊസ്ക്കോപ്പി നടത്തിക്കളയാം

ഇത് കേട്ടതും ഇതിനെ പറ്റി പലരും പറഞ്ഞ് പേടിപ്പെടുത്തിയതാണ് എന്‍റെ മനസിലേക്ക് ഓടി വന്നത്

ഒരു മീറ്ററോളം നീളമുള്ള വലിയൊരു പൈപ്പ് വായിലൂടെ വയറ്റിലേക്ക് തള്ളിക്കേറ്റും
അതും അര ഇഞ്ചോളം വണ്ണമുള്ളത്...
അത് നമ്മുടെ വയറ്റില്‍ ചെന്ന് ഓരോരോ ഭാഗത്തും ചെന്ന് തട്ടുമ്പോള്‍ വല്ലാത്തൊരു പ്രയാസമായിരിക്കും ...

ഈ പേടിയൊക്കെ എന്‍റെ മനസിലുണ്ടെങ്കിലും ഞാനാ ടെസ്റ്റിന് തയ്യാറായി ..

കാരണം എന്റൊസ്ക്കോപ്പിയല്ല എന്ത് കോപ്പായാലും എനിക്കെന്‍റെ അസുഗം മാറിയാല്‍ മതിയായിരുന്നു

ഡോക്ടര്‍ തന്ന ഡേറ്റ് ന് ഞാന്‍ വീണ്ടും ആശുപത്രിയിലെത്തി
ഇതേ ടെസ്റ്റിന് വന്ന നിരവധി ആളുകള്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു
എല്ലാവരുടെ മുകത്തും ഭയം തളംകെട്ടി നില്‍ക്കുന്നു
അവരവരുടെ ഊഴം വരുമ്പോള്‍ അകത്തേക്ക് പോകുന്നു
ടെസ്റ്റ് കഴിഞ്ഞ് വിയര്‍ത്ത് കുളിച്ച് തിരിച്ചു വരുന്നു......

എന്‍റെ ഊഴം വന്നു ,,,ഞാന്‍ അകത്തേക്ക് കേറി ..

അതിനുള്ളിലെ ഡോകടരുടെയും നേഴ്സ് മാരുടെയും വേഷം കണ്ടാല്‍ തന്നെ പേടിയാകും ..

എന്നെയും അവര്‍ ഒരു വേഷം ധരിപ്പിച്ചു ....

അവിടെ ചരിഞ്ഞു കിടക്കാന്‍ പറഞ്ഞു .....

പിന്നെ എന്‍റെ വായിലേക്ക് ഒരു മരുന്ന് ഒഴിച്ച് തന്നിട്ട്
കുടിച്ചോ എന്ന് പറഞ്ഞു ....

കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ വായും വയറോക്കെ മരവിക്കും പോലെ തോന്നി ..

എനി ആ മരുന്ന് അങ്ങ് തുപ്പിയെക്ക്

നഴ്സ് ഇത് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു

നിങ്ങള്‍ കുടിച്ചോ എന്ന് പറഞ്ഞിട്ട് ഞാനാ മരുന്ന് കുടിച്ചല്ലോ

തലക്ക് കൈ വെച്ച് കൊണ്ട് നഴ്സ് പറഞ്ഞു

വായ അടച്ചോ എന്ന് പറഞ്ഞതിന് അത് കുടിക്കുകയാണോ ചെയ്തത്

അപ്പോഴാണ്‌ എനിക്ക് കാര്യം മനസിലായത്

വായ അടച്ചോ എന്ന് പറഞ്ഞത് ഞാന്‍ കേട്ടത് കുടിച്ചോ എന്നാണെന്ന്

അങ്ങനെ എന്‍റെ വായിലൂടെ ആ കുഴല് താഴ്ത്താന്‍ തുടങ്ങി ...
തൊണ്ടയിലേക്ക്‌ താഴുമ്പോള്‍ മാത്രം ഒരു പ്രയാസം തോന്നി

സംഗതി കഴിഞ്ഞപ്പോള്‍ ...

ഞാനാ നഴ്സിനോട് ചോദിച്ചു ....

അല്ല സിസ്ടരെ ..എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ എനിക്ക് വലിയ പ്രശ്നമൊന്നും തോനിയിട്ടില്ലല്ലോ ...

ഇത് കേട്ടപ്പോള്‍ അവര്‍ പറഞ്ഞു ..

വായില്‍ മരുന്നോഴിട്ട് അടച്ചോ എന്ന് പറയുമ്പോള്‍ കുടിച്ചാല്‍ പിന്നെ എന്തറിയാനാ .....
സൂക്ഷിച്ചോ,,,, വയറ്റില്‍ വല്ല ബുദ്ധിമുട്ടുംതോനിയാല്‍ ഉടനെ ഇവിടെ വരണം

എല്ലാം കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങുമ്പോള്‍ അടുത്ത ഊഴം കാത്തിരിക്കുന്നവരില്‍ ഒരാള്‍ ചോദിച്ചു

എല്ലാ എങ്ങനെയുണ്ട് ...ഭയങ്കര പ്രശ്നാ ല്ലേ ....?

ഞാന്‍ പറഞ്ഞു ....
പ്രശനം ഇല്ലാതിരിക്കാന്‍ ഞാന്‍ ചെയ്ത സൂത്രം നിങ്ങളും ചെയ്‌താല്‍ മതി ...

ആദ്യം വായ തുറക്കാന്‍ പറയും ..അപ്പോള്‍ ഒരു മരുന്നോഴിക്കും
പിന്നെ വാ അടച്ചോ എന്ന് പറയും

അപ്പോള്‍ ആ മരുന്നങ്ങ് കുടിച്ചാല്‍ മതി

ഒരു പ്രശ്നോം ഉണ്ടാകില്ല ...

ആശുപത്രിയുടെ പടിയിറങ്ങുമ്പോള്‍ ഒരാശ്വാസമേ എനിക്കുണ്ടായിരുന്നുള്ളൂ

ഈ മരുന്ന് കുടിച്ചു പോയതിന് വല്ല കുഴപ്പവും സംഭാവിക്കുകയാനെനികില്‍ ...എനിക്കൊപ്പം മറ്റൊരാള്കൂടെ ഉണ്ടാവുമല്ലോ എന്ന് ..

ഗുണപാഠം : തനിയേ ഒരാപത്ത് ഭവിക്കുമ്പോള്‍ അതില്‍ മറ്റൊരാളെ കൂടി ചാടിച്ച് നാം ആശ്വാസം കണ്ടെത്താന്‍ പാടില്ല